1 Samuel 4
1ശമുവേലിന്റെ വാക്കുകൾ സകല ഇസ്രായേൽദേശത്തും പ്രചരിച്ചു.ഫെലിസ്ത്യർ ഉടമ്പടിയുടെ പേടകം പിടിച്ചെടുക്കുന്നു
അങ്ങനെയിരിക്കെ, ഇസ്രായേല്യർ ഫെലിസ്ത്യരുമായി യുദ്ധത്തിനു പുറപ്പെട്ടു. ഇസ്രായേല്യരുടെ സൈന്യം ഏബെൻ-ഏസെരിലും ഫെലിസ്ത്യസൈന്യം അഫേക്കിലും പാളയമിറങ്ങി. 2ഇസ്രായേലിനെ നേരിടാൻ ഫെലിസ്ത്യർ തങ്ങളുടെ സൈന്യത്തെ അണിനിരത്തി. യുദ്ധം മുറുകി; ഇസ്രായേൽ ഫെലിസ്ത്യരോടു തോറ്റു. അവർ പടക്കളത്തിൽവെച്ചുതന്നെ ഏകദേശം നാലായിരം ഇസ്രായേല്യയോദ്ധാക്കളെ വധിച്ചു. 3പടയാളികൾ പാളയത്തിലേക്കു മടങ്ങിവന്നപ്പോൾ ഇസ്രായേല്യ ഗോത്രത്തലവന്മാർ ചോദിച്ചു: “യഹോവ ഇന്ന് ഫെലിസ്ത്യരുടെമുമ്പിൽ നമുക്കു പരാജയം വരുത്തിയത് എന്തുകൊണ്ട്? നമുക്ക് ശീലോവിൽനിന്ന് യഹോവയുടെ ഉടമ്പടിയുടെ പേടകം കൊണ്ടുവരാം; അതു നമ്മുടെ മധ്യേ പാളയത്തിലുള്ളപ്പോൾ അവിടന്ന് ▼▼അഥവാ, അത്
നമ്മെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കും.” 4അങ്ങനെ ജനം ശീലോവിലേക്ക് പടയാളികളെ അയച്ചു; കെരൂബുകളുടെ ▼
▼കെരൂബുകൾ പൊതുവേ ദൈവദൂതന്മാർക്കു സമം എന്നു കരുതപ്പെടുന്നെങ്കിലും, ഏതെന്നു വ്യക്തമായി പറയാൻ കഴിയാത്ത ചിറകുകളുള്ള ജീവികളാണ്. മൃഗത്തിന്റെയോ മനുഷ്യന്റെയോ ശരീരഭാഗം ഇതിനുള്ളതായും കരുതപ്പെടുന്നു.
മധ്യേ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയുടെ ഉടമ്പടിയുടെ പേടകം അവർ കൊണ്ടുവന്നു. ദൈവത്തിന്റെ ഉടമ്പടിയുടെ പേടകത്തോടൊപ്പം ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഉണ്ടായിരുന്നു. 5യഹോവയുടെ ഉടമ്പടിയുടെ പേടകം പാളയത്തിലെത്തിയപ്പോൾ ഇസ്രായേല്യരെല്ലാം ഭൂമി കുലുങ്ങുമാറ് ഉച്ചത്തിൽ ആർത്തുവിളിച്ചു. 6ഈ ആർപ്പുവിളിയുടെ ഘോഷം കേട്ടിട്ട്, “എബ്രായരുടെ പാളയത്തിൽ ഈ ആരവമെന്ത്?” എന്നു ഫെലിസ്ത്യർ അന്വേഷിച്ചു.
യഹോവയുടെ പേടകം ഇസ്രായേല്യരുടെ പാളയത്തിലെത്തി എന്നറിഞ്ഞപ്പോൾ 7ഫെലിസ്ത്യർ ഭയന്നുവിറച്ചു. “ഒരു ദേവൻ പാളയത്തിലെത്തിയിരിക്കുന്നു,” അവർ പറഞ്ഞു. “നാം മഹാകഷ്ടത്തിലായിരിക്കുന്നു. മുമ്പൊരിക്കലും ഇതുപോലെ സംഭവിച്ചിട്ടില്ല. 8നമുക്ക് അയ്യോ കഷ്ടം! ഈ ശക്തിയുള്ള ദൈവത്തിന്റെ കൈയിൽനിന്നു നമ്മെ ആർ വിടുവിക്കും? മരുഭൂമിയിൽവെച്ച് സകലവിധ മഹാമാരികളാലും ഈജിപ്റ്റുകാരെ തകർത്ത ദൈവം ഇതുതന്നെ. 9ഫെലിസ്ത്യരേ, ധീരരായിരിക്കുക! പൗരുഷം കാണിക്കുക. അല്ലെങ്കിൽ അവർ നിങ്ങൾക്ക് അടിമകളായിരുന്നതുപോലെ, നിങ്ങൾ എബ്രായർക്ക് അടിമകളായിത്തീരും. അതിനാൽ പൗരുഷം കാണിച്ചു പൊരുതുക!”
10അങ്ങനെ ഫെലിസ്ത്യർ പൊരുതി; ഇസ്രായേല്യർ പരാജിതരായി ഓരോരുത്തനും അവരവരുടെ കൂടാരത്തിലേക്കു പലായനംചെയ്തു. അന്നു നടന്ന കൂട്ടക്കുരുതി ഭയാനകമായിരുന്നു. ഇസ്രായേല്യർക്ക് തങ്ങളുടെ കാലാൾപ്പടയിൽ മുപ്പതിനായിരംപേർ നഷ്ടമായി. 11ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ഫെലിസ്ത്യർ പിടിച്ചെടുത്തു. ഏലിയുടെ രണ്ടു മക്കൾ, ഹൊഫ്നിയും ഫീനെഹാസും, വധിക്കപ്പെട്ടു.
ഏലിയുടെ മരണം
12അന്നുതന്നെ ബെന്യാമീൻഗോത്രജനായ ഒരാൾ പടക്കളത്തിൽനിന്നു തന്റെ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട്, ശീലോവിലേക്ക് ഓടിയെത്തി. 13അയാൾ വന്നെത്തുമ്പോൾ ഏലി തന്റെ ഇരിപ്പിടത്തിൽ വഴിയോരത്ത് വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കാരണം അദ്ദേഹത്തിന്റെ ഹൃദയം ദൈവത്തിന്റെ പേടകത്തിന്റെ കാര്യമോർത്ത് വ്യാകുലപ്പെട്ടിരുന്നു. ആ മനുഷ്യൻ നഗരത്തിലെത്തി സംഭവിച്ച കാര്യങ്ങൾ അറിയിച്ചതോടെ നഗരവാസികൾ ഒന്നടങ്കം മുറവിളിയിട്ടു കരഞ്ഞു.14ഏലി ആ നിലവിളി കേട്ടപ്പോൾ, “ഈ ആരവത്തിന്റെ അർഥമെന്താണ്?” എന്നു ചോദിച്ചു.
ആ മനുഷ്യൻ അതിവേഗം ഏലിയുടെ സമീപത്തെത്തി. 15അദ്ദേഹം തൊണ്ണൂറ്റിയെട്ടു വയസ്സുള്ളവനും ഒന്നും കാണാൻ കഴിയാത്തവിധം കാഴ്ച മങ്ങിയവനുമായിരുന്നു. 16അയാൾ ഏലിയോട്, “ഞാൻ യുദ്ധമുന്നണിയിൽനിന്ന് വരികയാണ്. ഇന്നാണ് ഞാൻ അവിടെനിന്നു രക്ഷപ്പെട്ടോടിയത്” എന്നറിയിച്ചു.
“എന്റെ മകനേ, എന്താണ് സംഭവിച്ചത്?” ഏലി ചോദിച്ചു.
17വാർത്തയുമായി ഓടിയെത്തിയ മനുഷ്യൻ, “ഇസ്രായേൽ ഫെലിസ്ത്യരുടെമുമ്പിൽനിന്നു തോറ്റോടി. നമ്മുടെ സൈന്യത്തിന് കനത്ത നഷ്ടം ഏൽക്കേണ്ടിവന്നു. അങ്ങയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു. ദൈവത്തിന്റെ പേടകവും ശത്രുക്കൾ പിടിച്ചെടുത്തു” എന്നറിയിച്ചു.
18ദൈവത്തിന്റെ പേടകത്തിന്റെ കാര്യം ആ മനുഷ്യൻ പറഞ്ഞപ്പോൾത്തന്നെ ഏലി തന്റെ ഇരിപ്പിടത്തിൽനിന്നും പിറകോട്ടു മറിഞ്ഞ് കവാടത്തിനരികെ വീണ് കഴുത്തൊടിഞ്ഞു മരിച്ചു. അദ്ദേഹം വൃദ്ധനായിരുന്നു; വളരെയധികം വണ്ണവും ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഏലി നാൽപ്പതു വർഷക്കാലം ഇസ്രായേലിനെ ന്യായപാലനംചെയ്തിരുന്നു. ▼
▼അഥവാ, നയിച്ചു
19അദ്ദേഹത്തിന്റെ മരുമകളായ ഫീനെഹാസിന്റെ ഭാര്യ ഗർഭിണിയും പ്രസവസമയം അടുത്തിരുന്നവളും ആയിരുന്നു. ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തെന്നും തന്റെ അമ്മായിയപ്പനും ഭർത്താവും മരിച്ചു എന്നുമുള്ള വാർത്ത കേട്ടപ്പോൾ അവൾക്ക് പ്രസവവേദനയുണ്ടായി, ഒരു പൈതലിനു ജന്മംനൽകി. എന്നാൽ ആ കഠിനവേദന അവളെ മരണത്തിന് കീഴ്പ്പെടുത്തി. 20അവൾ അന്ത്യശ്വാസം വലിക്കുമ്പോൾ അവൾക്ക് പ്രസവശുശ്രൂഷ നൽകിയിരുന്ന സ്ത്രീ പറഞ്ഞു: “നിരാശപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചിരിക്കുന്നു!” എന്നാൽ അവൾ ഉത്തരമൊന്നും പറഞ്ഞില്ല; ആ വാക്കുകൾ ശ്രദ്ധിച്ചതുമില്ല.
21“മഹത്ത്വം ഇസ്രായേലിൽനിന്നു പൊയ്പ്പോയിരിക്കുന്നു,” എന്നു പറഞ്ഞുകൊണ്ട് അവൾ ആ പൈതലിന് ഈഖാബോദ് ▼
▼മഹത്ത്വം നഷ്ടപ്പെട്ടു എന്നർഥം.
എന്നു പേരിട്ടു. ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തതിനാലും അവളുടെ അമ്മായിയപ്പനും ഭർത്താവും മരിച്ചതിനാലും ആണ് അവൾ ഈ വിധം പറഞ്ഞത്. 22അവൾ വീണ്ടും, “ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തതിനാൽ മഹത്ത്വം ഇസ്രായേലിൽനിന്ന് പൊയ്പ്പോയിരിക്കുന്നു” എന്നു പറഞ്ഞു.
Copyright information for
MalMCV