‏ 1 Samuel 15

ശൗലിന്റെ രാജത്വം യഹോവ തള്ളിക്കളയുന്നു

1ഒരിക്കൽ ശമുവേൽ ശൗലിന്റെ അടുത്തുവന്ന് “യഹോവ തന്റെ ജനമായ ഇസ്രായേലിനു രാജാവായി നിന്നെ അഭിഷേകംചെയ്യാൻ എന്നെ നിയോഗിച്ചല്ലോ. അതിനാൽ ഇപ്പോൾ യഹോവയിൽനിന്നുള്ള സന്ദേശം ശ്രദ്ധിച്ചുകൊള്ളുക,” എന്നു പറഞ്ഞു. 2“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇസ്രായേൽ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ വഴിയിൽ പതിയിരുന്ന് അവരെ ആക്രമിച്ചു ദ്രോഹം പ്രവർത്തിച്ചതിനാൽ ഞാൻ അമാലേക്യരെ ശിക്ഷിക്കും. 3അതിനാൽ നീ പുറപ്പെട്ടുചെന്ന് അമാലേക്യരെ ആക്രമിച്ച് അവരെയും അവർക്കുള്ള എല്ലാറ്റിനെയും ഉന്മൂലനംചെയ്യുക. അവരിൽ പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ, ശിശുക്കൾ, കന്നുകാലികൾ, ആടുകൾ, ഒട്ടകങ്ങൾ, കഴുതകൾ എന്നിങ്ങനെയുള്ള യാതൊന്നിനെയും ജീവനോടെ ശേഷിപ്പിക്കാതെ കൊന്നുകളയുക.’ ”

4അങ്ങനെ ശൗൽ ജനത്തെയെല്ലാം തെലായീമിൽ വിളിച്ചുവരുത്തി—അവരെ എണ്ണിനോക്കിയപ്പോൾ രണ്ടുലക്ഷം ഇസ്രായേല്യയോദ്ധാക്കളും പതിനായിരം യെഹൂദ്യയോദ്ധാക്കളും ഉണ്ടായിരുന്നു. 5ശൗൽ അമാലേക്യരുടെ നഗരംവരെ ചെന്ന് മലയിടുക്കിൽ പതിയിരിപ്പുകാരെ നിർത്തി. 6പിന്നെ അദ്ദേഹം കേന്യരോടു പറഞ്ഞു: “ഇസ്രായേല്യരെല്ലാം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ നിങ്ങൾ അവരോടു ദയ കാണിച്ചല്ലോ! ഇപ്പോൾ ഞാൻ അമാലേക്യരോടൊപ്പം നിങ്ങളെയും നശിപ്പിക്കാൻ ഇടവരരുത്. അതിനാൽ അമാലേക്യരെ വിട്ട് അകന്നുപോകുക!” അതിനാൽ കേന്യർ അമാലേക്യരെ വിട്ടുപോയി.

7അതിനുശേഷം ശൗൽ ഹവീലാമുതൽ ഈജിപ്റ്റിനു കിഴക്ക് ശൂർവരെയുള്ള മുഴുവൻദൂരവും അമാലേക്യരെ ആക്രമിച്ചു. 8അദ്ദേഹം അമാലേക്യരാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു. അദ്ദേഹത്തിന്റെ ജനത്തെയെല്ലാം വാൾത്തലയാൽ ഉന്മൂലനംചെയ്തു. 9എന്നാൽ ആഗാഗിനെയും അദ്ദേഹത്തിന്റെ ആടുമാടുകൾ, തടിച്ച കാളക്കിടാങ്ങൾ,
അഥവാ, വളർന്ന കാളകൾ. ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
ആട്ടിൻകുട്ടികൾ എന്നിവയിൽ ഏറ്റവും നല്ലതിനെ ശൗലും സൈന്യവും ജീവനോടെ ശേഷിപ്പിച്ചു. അവ കൊന്നുമുടിക്കാൻ അവർക്കു മനസ്സുവന്നില്ല. എന്നാൽ നിന്ദ്യവും നിസ്സാരവുമായവയെ എല്ലാം അവർ പരിപൂർണമായി നശിപ്പിച്ചു.

10അപ്പോൾ യഹോവയുടെ അരുളപ്പാടു ശമുവേലിനുണ്ടായി: 11“ശൗലിനെ രാജാവാക്കിയതിൽ ഞാൻ ദുഃഖിക്കുന്നു. അയാൾ എന്നെ വിട്ടകലുകയും എന്റെ കൽപ്പനകൾ പ്രമാണിക്കാതിരിക്കുകയും ചെയ്യുന്നു.” ശമുവേൽ കോപംകൊണ്ടുനിറഞ്ഞു. അന്നു രാത്രിമുഴുവൻ അദ്ദേഹം യഹോവയോടു നിലവിളിച്ചു.

12പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് ശമുവേൽ ശൗലിനെ കാണുന്നതിനായി ചെന്നു. എന്നാൽ “അദ്ദേഹം കർമേലിലേക്കു പോയെന്നും അവിടെ തനിക്കുവേണ്ടി ഒരു വിജയസ്തംഭം നാട്ടിയതിനുശേഷം ഗിൽഗാലിലേക്കു പോയിരിക്കുന്നു,” എന്നും ശമുവേലിന് അറിവുകിട്ടി.

13ശമുവേൽ തന്റെ അടുത്തെത്തിയപ്പോൾ ശൗൽ പറഞ്ഞു: “യഹോവ അങ്ങയെ അനുഗ്രഹിക്കട്ടെ! ഞാൻ യഹോവയുടെ കൽപ്പനകൾ അനുഷ്ഠിച്ചിരിക്കുന്നു.”

14എന്നാൽ ശമുവേൽ ചോദിച്ചു: “എങ്കിൽ ആടുകളുടെ കരച്ചിൽ എന്റെ ചെവിയിൽ പതിക്കുന്നതെന്ത്? കന്നുകാലികളുടെ മുക്കുറ ഞാൻ കേൾക്കുന്നതെന്ത്?”

15ശൗൽ മറുപടി പറഞ്ഞു: “അമാലേക്യരിൽനിന്ന് പടയാളികൾ കൊണ്ടുവന്നവയാണ് അവ. അങ്ങയുടെ ദൈവമായ യഹോവയ്ക്കു യാഗം അർപ്പിക്കുന്നതിനായി ആടുകളിലും കന്നുകാലികളിലും ഏറ്റവും മെച്ചമായവയെ അവർ ജീവനോടെ ശേഷിപ്പിച്ചിരിക്കുന്നു. എന്നാൽ മറ്റുള്ളവയെ ഞങ്ങൾ പൂർണമായും നശിപ്പിച്ചിരിക്കുന്നു.”

16“നിർത്തുക!” ശമുവേൽ ആക്രോശിച്ചു. “കഴിഞ്ഞരാത്രിയിൽ യഹോവ എന്നോടു കൽപ്പിച്ചതു ഞാൻ നിന്നെ അറിയിക്കാം.”

“എന്നോടു പറഞ്ഞാലും,” ശൗൽ മറുപടിയായി പറഞ്ഞു.

17ശമുവേൽ തുടർന്നു പറഞ്ഞു: “ഒരിക്കൽ നിന്റെ സ്വന്തം കണ്ണിൽ നീ ചെറിയവനായിരുന്നു. എന്നിരുന്നാലും നീ ഇസ്രായേൽഗോത്രങ്ങൾക്കു തലവനായിത്തീർന്നില്ലേ? യഹോവ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു. 18‘ചെന്ന് ആ ദുഷ്ടജനമായ അമാലേക്യരെ പാടേ നശിപ്പിക്കുക; അവർ ഉന്മൂലനംചെയ്യപ്പെടുന്നതുവരെ അവരോടു പൊരുതുക എന്നു കൽപ്പിച്ച് യഹോവ നിന്നെ ഒരു ദൗത്യത്തിനുവേണ്ടി നിയോഗിച്ചു.’ 19നീ യഹോവയെ അനുസരിക്കാതെ കൊള്ളയിൽ ആർത്തിപൂണ്ടു ചാടിവീണത് എന്തുകൊണ്ട്? അങ്ങനെ നീ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു ചെയ്തതെന്തിന്?”

20ശൗൽ പറഞ്ഞു: “എന്നാൽ ഞാൻ യഹോവയെ അനുസരിച്ചല്ലോ! യഹോവ എന്നെ ഭരമേൽപ്പിച്ച ദൗത്യം നിർവഹിക്കാൻ ഞാൻ പോയി. ഞാൻ അമാലേക്യരെ ഉന്മൂലനംചെയ്ത് അവരുടെ രാജാവായ ആഗാഗിനെ ബന്ധിച്ചുകൊണ്ടുവന്നിരിക്കുന്നു. 21പടയാളികൾ കൊള്ളയിൽനിന്ന് ആടുകളിലും കന്നുകാലികളിലും ചിലതിനെ എടുത്തു. ദൈവത്തിനുള്ള വഴിപാടിൽ ഏറ്റവും മെച്ചമായതിനെ അങ്ങയുടെ ദൈവമായ യഹോവയ്ക്കു യാഗം അർപ്പിക്കുന്നതിന് അവയെ ഗിൽഗാലിൽ കൊണ്ടുവന്നിരിക്കുകയാണ്.”

22എന്നാൽ ശമുവേൽ അതിനു മറുപടി പറഞ്ഞു:

“യഹോവയുടെ കൽപ്പന കേട്ടനുസരിക്കുന്നതുപോലെയുള്ള പ്രസാദം
യഹോവയ്ക്ക് ഹോമയാഗങ്ങളിലും ബലികളിലും ഉണ്ടാകുമോ?
അനുസരിക്കുന്നത് ബലിയെക്കാൾ ശ്രേഷ്ഠം!
കൽപ്പന ചെവിക്കൊള്ളുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാൾ ശ്രേഷ്ഠം!
23മാത്സര്യം ദേവപ്രശ്നംവെക്കുന്നതുപോലെതന്നെ പാപമാണ്!
ശാഠ്യം വിഗ്രഹാരാധനപോലെയുള്ള തിന്മയാണ്.
നീ യഹോവയുടെ വചനം തള്ളിക്കളഞ്ഞതിനാൽ
അവിടന്നു നിന്നെ രാജത്വത്തിൽനിന്നും തള്ളിക്കളഞ്ഞിരിക്കുന്നു.”
24അപ്പോൾ ശൗൽ ശമുവേലിനോടു പറഞ്ഞു: “ഞാൻ പാപംചെയ്തു! ഞാൻ യഹോവയുടെ കൽപ്പനകളും അങ്ങയുടെ നിർദേശങ്ങളും ലംഘിച്ചിരിക്കുന്നു. ഞാൻ ജനങ്ങളെ ഭയപ്പെടുകമൂലം അവരുടെ ഹിതത്തിനു വഴങ്ങിക്കൊടുത്തുപോയി. 25എന്നാൽ ഇപ്പോൾ—എന്റെ പാപം ക്ഷമിക്കണമേ, യഹോവയെ ആരാധിക്കാൻ എന്റെകൂടെ മടങ്ങിവരണമേ—ഞാൻ അങ്ങയോടപേക്ഷിക്കുന്നു.”

26എന്നാൽ ശമുവേൽ അദ്ദേഹത്തോടു പറഞ്ഞു: “ഞാൻ നിന്റെകൂടെ വരികയില്ല. നീ യഹോവയുടെ കൽപ്പന തള്ളിക്കളഞ്ഞു. അതിനാൽ യഹോവ നിന്നെ ഇസ്രായേലിന്റെ രാജാവ് എന്ന നിലയിൽനിന്ന് തള്ളിയിരിക്കുന്നു.”

27ശമുവേൽ പോകുന്നതിനായി തിരിഞ്ഞപ്പോൾ ശൗൽ അദ്ദേഹത്തിന്റെ അങ്കിയുടെ അഗ്രത്തിൽപ്പിടിച്ചു; അതു കീറിപ്പോയി. 28അപ്പോൾ ശമുവേൽ പറഞ്ഞു: “യഹോവ ഇന്ന് നിന്നിൽനിന്നും ഇസ്രായേലിന്റെ രാജത്വവും കീറിമാറ്റിയിരിക്കുന്നു; നിന്റെ അയൽവാസിയിൽ ഒരുവന്—നിന്നെക്കാൾ ശ്രേഷ്ഠനായ ഒരുവന്—അതു നൽകിയിരിക്കുന്നു. 29ഇസ്രായേലിന്റെ മഹത്ത്വമായവൻ കള്ളം പറയുകയില്ല; തന്റെ മനസ്സു മാറ്റുകയുമില്ല. മനം മാറ്റുന്നതിന് അവിടന്ന് മനുഷ്യനല്ലല്ലോ!”

30അതിനു ശൗൽ മറുപടി പറഞ്ഞു: “ഞാൻ പാപം ചെയ്തുപോയി. എന്നാൽ ജനത്തിന്റെ നേതാക്കന്മാരുടെയും ഇസ്രായേൽജനത്തിന്റെയും മുമ്പാകെ എന്നെ മാനിക്കണമേ! അങ്ങയുടെ ദൈവമായ യഹോവയെ ആരാധിക്കാൻ എന്നോടൊപ്പം മടങ്ങിവരണമേ.” 31അപ്പോൾ ശമുവേൽ ശൗലിനോടൊപ്പം മടങ്ങിച്ചെന്നു. ശൗൽ യഹോവയെ ആരാധിക്കുകയും ചെയ്തു.

32അതിനുശേഷം “അമാലേക്യരുടെ രാജാവായ ആഗാഗിനെ എന്റെമുമ്പാകെ കൊണ്ടുവരിക,” എന്നു ശമുവേൽ കൽപ്പിച്ചു.

“മരണഭീതി നീങ്ങിപ്പോയിരിക്കുന്നു, നിശ്ചയം,” എന്നു ചിന്തിച്ചുകൊണ്ട് ആഗാഗ് ചങ്ങലയിൽ ബന്ധിതനായി
ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല.
ശമുവേലിന്റെ മുമ്പാകെയെത്തി.

33എന്നാൽ ശമുവേൽ,

“നിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ
ഇപ്പോൾ നിന്റെ അമ്മയും മക്കളില്ലാത്തവളാകും”
എന്നു പറഞ്ഞു. അവിടെ ഗിൽഗാലിൽവെച്ച് യഹോവയുടെമുമ്പാകെ ശമുവേൽ ആഗാഗിനെ തുണ്ടം തുണ്ടമാക്കി വെട്ടിക്കളഞ്ഞു.

34അതിനെത്തുടർന്ന് ശമുവേൽ രാമായിലേക്കു പോയി, എന്നാൽ ശൗൽ ഗിബെയയിലെ തന്റെ അരമനയിലേക്കു മടങ്ങി. 35ശമുവേൽ ശൗലിനെപ്രതി വിലപിച്ചിരുന്നെങ്കിലും തന്റെ മരണംവരെ ശൗലിനെ കാണുന്നതിനായി അദ്ദേഹം പിന്നെ പോയില്ല. ശൗലിനെ ഇസ്രായേലിനു രാജാവാക്കിയതിൽ യഹോവയും ദുഃഖിച്ചു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.