‏ 1 Samuel 31

ശൗൽ തന്റെ ജീവൻ ഒടുക്കുന്നു

1ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധംചെയ്തു; ഇസ്രായേല്യർ അവരുടെമുമ്പിൽനിന്നു തോറ്റോടി. അനേകർ കൊല്ലപ്പെട്ട്, ഗിൽബോവാപർവതത്തിൽ വീണു. 2ഫെലിസ്ത്യർ ശൗലിനെയും പുത്രന്മാരെയും പിൻതുടർന്നു ചെന്നു. ശൗലിന്റെ പുത്രന്മാരായ യോനാഥാനെയും അബീനാദാബിനെയും മൽക്കീ-ശൂവയെയും അവർ വധിച്ചു. 3ആക്രമണം ശൗലിനുചുറ്റും അതിഭീകരമായിത്തീർന്നു; വില്ലാളികൾ ശൗലിന്റെ രക്ഷാനിര ഭേദിച്ചുകടന്ന് അദ്ദേഹത്തെ മാരകമായി മുറിവേൽപ്പിച്ചു.

4ശൗൽ തന്റെ ആയുധവാഹകനോടു പറഞ്ഞു: “നീ നിന്റെ വാളൂരി എന്നെ പിളർക്കുക; അല്ലെങ്കിൽ പരിച്ഛേദനമില്ലാത്ത ഈ കൂട്ടർവന്ന് എന്നെ പിളർക്കുകയും അപമാനിക്കുകയും ചെയ്യും.”

എന്നാൽ ശൗലിന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെടുകയാൽ അപ്രകാരം ചെയ്തില്ല. അതിനാൽ ശൗൽ തന്റെ സ്വന്തം വാൾ പിടിച്ച് അതിന്മേൽ വീണു.
5ശൗൽ മരിച്ചെന്ന് ആയുധവാഹകൻ കണ്ടപ്പോൾ അയാളും തന്റെ വാളിന്മേൽ വീണ് അദ്ദേഹത്തോടൊപ്പം മരിച്ചു. 6അങ്ങനെ, ശൗലും മൂന്നുപുത്രന്മാരും ആയുധവാഹകനും മറ്റാളുകളും എല്ലാം അന്ന് ഒരേദിവസംതന്നെ ഒരുമിച്ചു മരിച്ചു.

7ഇസ്രായേൽസൈന്യം തോറ്റോടിയെന്നും ശൗലും പുത്രന്മാരും ഗിൽബോവ പർവതത്തിൽ വീണെന്നും താഴ്വരയിലും യോർദാനക്കരെയും ഉള്ള ഇസ്രായേല്യർ കണ്ടു. അതുകൊണ്ട് അവർ തങ്ങളുടെ പട്ടണങ്ങൾ ഉപേക്ഷിച്ച് പലായനംചെയ്തു. ഫെലിസ്ത്യർ വന്ന് അവിടങ്ങളിൽ പാർപ്പുറപ്പിക്കുകയും ചെയ്തു.

8അടുത്തദിവസം കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിയാൻ ഫെലിസ്ത്യർ വന്നപ്പോൾ ശൗലും മൂന്നുപുത്രന്മാരും ഗിൽബോവാപർവതത്തിൽ വീണുകിടക്കുന്നതു കണ്ടു. 9അവർ അദ്ദേഹത്തിന്റെ തല വെട്ടി ആയുധവർഗം അഴിച്ചെടുത്തു; തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനമധ്യത്തിലും ഈ വാർത്ത പ്രസിദ്ധംചെയ്യുന്നതിനായി അവർ ഫെലിസ്ത്യദേശത്തെല്ലാം സന്ദേശവാഹകരെ അയച്ചു. 10ശൗലിന്റെ ആയുധവർഗം അവർ അസ്തരോത്തിന്റെ ക്ഷേത്രത്തിൽ വെച്ചു; അദ്ദേഹത്തിന്റെ ഉടൽ ബേത്-ശയാന്റെ മതിലിനോടുചേർത്ത് കെട്ടിനിർത്തി.

11ഫെലിസ്ത്യർ ശൗലിനോടു ചെയ്തത് യാബേശ്-ഗിലെയാദ് നിവാസികൾ കേട്ടപ്പോൾ 12അവരിലെ പരാക്രമശാലികളെല്ലാം രാത്രിമുഴുവൻ സഞ്ചരിച്ച് ബേത്-ശയാനിലെത്തി. അവർ ശൗലിന്റെയും പുത്രന്മാരുടെയും ഉടലുകൾ ബേത്-ശയാനിലെ മതിലിൽനിന്നും അഴിച്ചിറക്കി യാബേശിലേക്കു കൊണ്ടുവന്ന് അവരെ അവിടെ ദഹിപ്പിച്ചു. 13അതിനുശേഷം അവരുടെ അസ്ഥികളെടുത്ത് അവർ യാബേശിലെ ഒരു പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ സംസ്കരിക്കുകയും ഏഴുദിവസം ഉപവസിക്കുകയും ചെയ്തു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.