1 Samuel 29
ആഖീശ് ദാവീദിനെ സിക്ലാഗിലേക്കു മടക്കി അയയ്ക്കുന്നു
1ഫെലിസ്ത്യർ തങ്ങളുടെ സൈന്യത്തെയെല്ലാം അഫേക്കിൽ ഒരുമിച്ചുകൂട്ടി. ഇസ്രായേല്യരും യെസ്രീലിലെ നീരുറവയ്ക്കരികെ പാളയമിറങ്ങി. 2ഫെലിസ്ത്യപ്രഭുക്കന്മാർ തങ്ങളുടെ ശതങ്ങളും സഹസ്രങ്ങളുമായ സേനാവിഭാഗങ്ങളോടുകൂടി നീങ്ങി. ദാവീദും അനുയായികളും ആഖീശിനോടൊപ്പം പിൻനിരയിലായിരുന്നു. 3അവരെക്കണ്ടിട്ട് “ഈ എബ്രായർ ഇവിടെ എങ്ങനെ വന്നു?” എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ ചോദിച്ചു.ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോട്: “ഇസ്രായേൽരാജാവായ ശൗലിന്റെ കാര്യസ്ഥന്മാരിലൊരാളായ ദാവീദല്ലേ ഇത്! കഴിഞ്ഞ ഒരു കൊല്ലത്തിലേറെയായി അദ്ദേഹം എന്നോടുകൂടെയാണ്. അദ്ദേഹം ശൗലിനെ വിട്ടുവന്ന നാൾമുതൽ ഇന്നുവരെ ഞാൻ അയാളിൽ ഒരു കുറ്റവും കണ്ടിട്ടില്ല” എന്നു മറുപടി പറഞ്ഞു.
4എന്നാൽ, ഫെലിസ്ത്യപ്രഭുക്കന്മാർ അദ്ദേഹത്തിനുനേരേ കോപാകുലരായി. “ആ മനുഷ്യനെ തിരിച്ചയയ്ക്കുക. അങ്ങ് കൽപ്പിച്ചുകൊടുത്ത സ്ഥലത്തേക്ക് അയാൾ പൊയ്ക്കൊള്ളട്ടെ. യുദ്ധത്തിൽ അയാൾ നമ്മുടെകൂടെ വരരുത്. വന്നാൽ യുദ്ധരംഗത്തുവെച്ച് അയാൾ നമുക്കെതിരേ തിരിയും. നമ്മുടെ ആളുകളുടെ തലകൾ എടുത്ത് ആയിരിക്കുകയില്ലേ അയാൾ തന്റെ യജമാനന്റെ പ്രീതി പുനഃസ്ഥാപിക്കുന്നത്. അതിനെക്കാൾ നല്ല മാർഗം അയാൾക്കു വേറെ ഉണ്ടോ? 5തങ്ങളുടെ നൃത്തത്തിൽ:
“ ‘ശൗൽ ആയിരങ്ങളെ കൊന്നു,
എന്നാൽ ദാവീദ് പതിനായിരങ്ങളെയും,’
എന്ന് അവർ ഏറ്റുപാടിയ ദാവീദുതന്നെയല്ലേ ഇത്?” എന്നു പറഞ്ഞു.
6അതിനാൽ ആഖീശ് ദാവീദിനെ വിളിച്ചുപറഞ്ഞു. “ജീവനുള്ള യഹോവയാണെ, നീ വിശ്വസ്തനാണ്; സൈന്യത്തിൽ നീ എന്നോടൊപ്പം സേവനം ചെയ്യുന്നത് എനിക്കിഷ്ടവുമാണ്. നീ എന്റെ അടുത്തുവന്ന നാൾമുതൽ ഇന്നുവരെ ഞാൻ നിന്നിൽ ഒരു കുറ്റവും കണ്ടിട്ടില്ല. എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ നിന്നെ അംഗീകരിക്കുന്നില്ല. 7അതിനാൽ പിന്തിരിഞ്ഞ് സമാധാനത്തോടെ പോകുക! ഫെലിസ്ത്യപ്രഭുക്കന്മാർക്ക് അപ്രീതി ഉണ്ടാകുന്നവിധത്തിൽ നാം ഒന്നും ചെയ്യരുത്.”
8അപ്പോൾ ദാവീദ് ആഖീശിനോട്: “എന്നാൽ ഞാനെന്തു ചെയ്തു? ഞാൻ അങ്ങയുടെ അടുത്തുവന്ന നാളുമുതൽ ഇന്നുവരെ ഈ ദാസനിൽ എന്തു കുറ്റം അങ്ങു കണ്ടിട്ടുണ്ട്? എന്റെ യജമാനനായ രാജാവിന്റെ വൈരികൾക്കെതിരേ ഞാൻ എന്തുകൊണ്ട് പൊരുതിക്കൂടാ?” എന്നു ചോദിച്ചു.
9ആഖീശ് ദാവീദിനോട്: “എനിക്കറിയാം; എന്റെ കണ്ണിൽ നീ ഒരു ദൈവദൂതനെപ്പോലെ പ്രിയങ്കരനാണ്. എന്നിരുന്നാലും ‘അവൻ നമ്മോടൊപ്പം യുദ്ധത്തിനു വന്നുകൂടാ,’ എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ പറഞ്ഞിരിക്കുന്നു. 10അതിനാൽ അതിരാവിലെ എഴുന്നേറ്റ്, നിന്റെകൂടെ വന്നിരിക്കുന്ന, നിന്റെ യജമാനന്റെ ഭൃത്യന്മാരെയും കൂട്ടിക്കൊണ്ട്, വെളിച്ചമായാലുടൻ പൊയ്ക്കൊള്ളൂ.”
11അതിനാൽ ദാവീദും അനുയായികളും അതിരാവിലെ ഉണർന്ന്, ഫെലിസ്ത്യദേശത്തേക്കു പുറപ്പെട്ടു. ഫെലിസ്ത്യർ യെസ്രീലിലേക്കും പോയി.
Copyright information for
MalMCV