‏ 1 Samuel 27

ദാവീദ് ഫെലിസ്ത്യരുടെ ഇടയിൽ

1അതിനുശേഷം ദാവീദ് ഈ വിധം ചിന്തിച്ചു: “ഞാൻ ഒരു ദിവസം ശൗലിന്റെ കൈയാൽ നശിക്കുകയേയുള്ളൂ. ഫെലിസ്ത്യനാടുകളിലേക്ക് ഓടിപ്പോയി രക്ഷപ്പെടുന്നതായിരിക്കും എനിക്കേറ്റവും നല്ലത്. അപ്പോൾ ശൗൽ ഇസ്രായേൽദേശത്തെല്ലാം എന്നെ തെരയുന്നതു മതിയാക്കും. അങ്ങനെ എനിക്ക് അദ്ദേഹത്തിന്റെ കൈയിൽനിന്ന് തെറ്റിയൊഴിയുകയും ചെയ്യാം.”

2അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറ് അനുയായികളും അവിടംവിട്ട് ഗത്തിലെ രാജാവായ മാവോക്കിന്റെ മകൻ ആഖീശിന്റെ അടുത്ത് എത്തിച്ചേർന്നു. 3ദാവീദും സംഘവും ഗത്തിൽ ആഖീശിനോടൊപ്പം താമസിച്ചു. ഓരോരുത്തരുടെയും കുടുംബവും അവരോടുകൂടെയുണ്ടായിരുന്നു. യെസ്രീൽക്കാരി അഹീനോവം, കർമേൽക്കാരിയും നാബാലിന്റെ വിധവയുമായ അബീഗയിലും—ഈ രണ്ടു ഭാര്യമാരും—ദാവീദിനോടൊപ്പം ഉണ്ടായിരുന്നു. 4ദാവീദ് ഗത്തിലേക്ക് ഓടിപ്പോയി എന്നു ശൗൽ കേട്ടു. പിന്നെ അദ്ദേഹം ദാവീദിനെ തെരഞ്ഞതുമില്ല.

5പിന്നെ ദാവീദ് ആഖീശിനോടു പറഞ്ഞു: “അങ്ങേക്ക് എന്നോടു കരുണയുണ്ടെങ്കിൽ നാട്ടിൻപുറത്തെ പട്ടണങ്ങളിലൊന്നിൽ എനിക്കൊരു ഇടം അനുവദിച്ചുതന്നാലും! ഞാനവിടെ താമസിച്ചുകൊള്ളാം. ഈ ദാസൻ എന്തിന് രാജനഗരത്തിൽ അങ്ങയോടൊപ്പം വസിക്കുന്നു?”

6അതിനാൽ അന്നുതന്നെ ആഖീശ്, സിക്ലാഗുദേശം ദാവീദിനു കൽപ്പിച്ചുകൊടുത്തു. അതിനാൽ അത് ഇന്നുവരെയും യെഹൂദാരാജാക്കന്മാർക്ക് അവകാശപ്പെട്ടിരിക്കുന്നു. 7ദാവീദ് ഫെലിസ്ത്യദേശത്ത് ഒരു വർഷവും നാലുമാസവും താമസിച്ചു.

8ദാവീദും അനുയായികളും ഗെശൂര്യരെയും ഗെസിയരെയും അമാലേക്യരെയും കടന്നാക്രമിച്ചു (ഈ ജനതകൾ പ്രാചീനകാലംമുതൽക്കേ ശൂർവരെയും ഈജിപ്റ്റുവരെയും ഉള്ളപ്രദേശങ്ങളിലെ നിവാസികളായിരുന്നു). 9ദാവീദ് എപ്പോഴെങ്കിലും ഒരു പ്രദേശത്തെ ആക്രമിച്ചാൽ അവിടെ ഒരു പുരുഷനെയോ ഒരു സ്ത്രീയെയോപോലും ജീവനോടെ ശേഷിപ്പിച്ചിരുന്നില്ല. എന്നാൽ ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം അപഹരിച്ചുകൊണ്ടുപോരുമായിരുന്നു. എല്ലാംകഴിഞ്ഞ് അദ്ദേഹം ആഖീശിന്റെ അടുത്ത് തിരിച്ചെത്തുകയും ചെയ്തിരുന്നു.

10“നിങ്ങളിന്ന് എവിടെയാണ് ആക്രമണത്തിനു പോയത്,” എന്ന് ആഖീശ് ചോദിച്ചാൽ, “യെഹൂദയ്ക്കും തെക്ക്, യരഹ്മേല്യർക്കും തെക്ക്, കേന്യർക്കും തെക്ക്” എന്നിങ്ങനെ ദാവീദ് മറുപടി പറയുമായിരുന്നു. 11ഗത്തിൽ വിവരം അറിയിക്കാൻ തക്കവണ്ണം പുരുഷനെയാകട്ടെ, സ്ത്രീയെയാകട്ടെ, ഒരുത്തനെയും ദാവീദ് ജീവനോടെ അവശേഷിപ്പിച്ചില്ല. മറിച്ചായാൽ, “ ‘ദാവീദ് ഞങ്ങളോട് ഈ വിധത്തിൽ പ്രവർത്തിച്ചു,’ എന്ന് അവർ പറയുമല്ലോ” എന്നു ദാവീദ് ചിന്തിച്ചിരുന്നു. ഫെലിസ്ത്യരുടെ ദേശത്തു താമസിച്ചിരുന്ന കാലമെല്ലാം ദാവീദിന്റെ പതിവ് ഇതായിരുന്നു. 12ആഖീശ് ദാവീദിനെ വിശ്വസിച്ചു. “അവൻ ഇസ്രായേല്യർക്ക് അത്യന്തം നിന്ദ്യനായി തീർന്നിരിക്കുകയാൽ എക്കാലവും എന്റെ സേവകനായിരിക്കും,” എന്ന് അയാൾ വിചാരിച്ചു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.