‏ 1 Samuel 18

ശൗലിനു ദാവീദിനോടുള്ള അസൂയ

1ദാവീദ് ശൗലിനോടു സംസാരിച്ചുതീർന്നപ്പോൾ യോനാഥാന്റെ ഹൃദയം ദാവീദിന്റെ ഹൃദയത്തോട് ഇഴുകിച്ചേർന്നു. യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു. 2അന്നുമുതൽ ശൗൽ ദാവീദിനെ തന്റെകൂടെ ചേർത്തു; അദ്ദേഹത്തിന്റെ പിതൃഭവനത്തിലേക്കു പോകാൻ പിന്നെ അനുവദിച്ചതുമില്ല. 3യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചിരുന്നതിനാൽ ഇരുവരുംതമ്മിൽ ഒരു ഉടമ്പടിചെയ്തു. 4യോനാഥാൻ താനണിഞ്ഞിരുന്ന സ്ഥാനവസ്ത്രങ്ങൾ അഴിച്ച് പടച്ചട്ടസഹിതം ദാവീദിനെ അണിയിച്ചു. തന്റെ വാളും വില്ലും അരപ്പട്ടയും
അതായത്, ബെൽറ്റും
അരക്കച്ചയും ദാവീദിനു കൊടുത്തു.

5ശൗൽ നിയോഗിച്ചയച്ച ഇടങ്ങളിലെല്ലാം ദാവീദ് വിജയപൂർവം കാര്യങ്ങൾ നിർവഹിച്ചു. അതിനാൽ ശൗൽ അദ്ദേഹത്തെ സൈന്യത്തിന്റെ മേലധികാരിയാക്കി. ഇതു സകലജനത്തിനും ശൗലിന്റെ ഉദ്യോഗസ്ഥന്മാർക്കും സന്തോഷകരമായിരുന്നു.

6ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചതിനുശേഷം ഇസ്രായേൽസൈന്യം മടങ്ങിവരുമ്പോൾ എല്ലാ നഗരങ്ങളിൽനിന്നും വന്ന സ്ത്രീകൾ തപ്പും വീണയും മുഴക്കി, പാടിയും നൃത്തംചെയ്തുകൊണ്ടും ശൗൽരാജാവിനെ എതിരേറ്റു. 7സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി:

“ശൗൽ ആയിരങ്ങളെ കൊന്നു,
എന്നാൽ ദാവീദ് പതിനായിരങ്ങളെയും” എന്നു പാടി.
8ശൗൽ ഏറ്റവും കുപിതനായി. ഈ പല്ലവി അദ്ദേഹത്തിന് അനിഷ്ടമായി. അദ്ദേഹം ഉള്ളിൽ പിറുപിറുത്തു: “അവർ ദാവീദിന് പതിനായിരം കൊടുത്തു; എന്നാൽ എനിക്ക് ആയിരംമാത്രം. ഇനി രാജത്വമല്ലാതെ മറ്റെന്താണ് അവനു കിട്ടാനുള്ളത്?” 9ആ സമയംമുതൽ ശൗൽ ദാവീദിനെ അസൂയനിറഞ്ഞ കണ്ണുകളോടെ നോക്കിത്തുടങ്ങി.

10പിറ്റേദിവസം ദൈവത്തിൽനിന്നുള്ള ഒരു ദുരാത്മാവ് ശൗലിന്റെമേൽ ശക്തിയോടെ വന്നു. അയാൾ തന്റെ അരമനയിൽ ഉന്മാദാവസ്ഥയിൽ പുലമ്പിക്കൊണ്ടിരുന്നു; ദാവീദോ, പതിവുപോലെ കിന്നരം വായിച്ചുകൊണ്ടുമിരുന്നു. ശൗലിന്റെ കൈവശം ഒരു കുന്തമുണ്ടായിരുന്നു. 11“ദാവീദിനെ ചുമരോടുചേർത്തു തറച്ചുകളയാം,” എന്നു വിചാരിച്ച് ശൗൽ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ടുതവണ ഒഴിഞ്ഞു മാറിക്കളഞ്ഞു.

12യഹോവ ദാവീദിനോടുകൂടെയിരിക്കുകയും ശൗലിനെ കൈവെടിയുകയും ചെയ്തതുകൊണ്ട് ശൗൽ ദാവീദിനെ ഏറ്റവും ഭയപ്പെട്ടു. 13അതിനാൽ അദ്ദേഹം ദാവീദിനെ തന്നിൽനിന്ന് അകറ്റി; അദ്ദേഹത്തെ ഒരു സഹസ്രാധിപനാക്കി. അങ്ങനെ സൈനികനടപടികളിൽ ദാവീദ് യുദ്ധം നയിച്ചുംവന്നു. 14ദാവീദ് തന്റെ വഴികളിലെല്ലാം വിജയംകൈവരിച്ചു, കാരണം യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു. 15ഇങ്ങനെ ദാവീദ് എല്ലാക്കാര്യങ്ങളിലും വിജയംകൈവരിക്കുന്നു എന്നുകണ്ടപ്പോൾ, ശൗൽ അദ്ദേഹത്തെ കൂടുതൽ ഭയപ്പെട്ടു. 16എന്നാൽ ദാവീദ് സമർഥമായി യുദ്ധം നയിച്ചിരുന്നതിനാൽ സകല ഇസ്രായേലും യെഹൂദയും അദ്ദേഹത്തെ സ്നേഹിച്ചു.

17ശൗൽ ദാവീദിനോടു പറഞ്ഞു: “ഇതാ എന്റെ മൂത്തമകൾ മേരബ്. അവളെ ഞാൻ നിനക്കു ഭാര്യയായി നൽകാം; വീരോചിതമായി എന്നെ സേവിക്കുകയും എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തുകയും ചെയ്താൽമാത്രം മതി. തന്റെ കൈയല്ല; ഫെലിസ്ത്യരുടെ കൈതന്നെ അവന്റെമേൽ പതിക്കട്ടെ” എന്നു ശൗൽ ചിന്തിച്ചിരുന്നു.

18എന്നാൽ ദാവീദ് ശൗലിനോട്, “രാജാവിന്റെ മരുമകനാകാൻ ഞാൻ ആര്? ഇസ്രായേലിൽ എന്റെ കുടുംബവും എന്റെ കുലവും എന്തുള്ളൂ?” 19ശൗലിന്റെ മകളായ മേരബിനെ ദാവീദിനു ഭാര്യയായി കൊടുക്കേണ്ട സമയംവന്നപ്പോൾ ശൗൽ അവളെ മെഹോലാത്യനായ അദ്രീയേലിനെക്കൊണ്ട് വിവാഹംകഴിപ്പിച്ചു.

20ശൗലിന്റെ മകളായ മീഖൾ ദാവീദിനെ സ്നേഹിച്ചു. ഇതേപ്പറ്റി ശൗലിന് അറിവുകിട്ടിയപ്പോൾ അയാൾ സന്തോഷിച്ചു. 21“അവൾ അവന് ഒരു കെണിയായിരിക്കുകയും ഫെലിസ്ത്യരുടെ കൈകൾ അവന്റെമേൽ പതിക്കുകയും ചെയ്യത്തക്കവണ്ണം ഞാൻ അവളെ അവനു നൽകും,” എന്നു ശൗൽ വിചാരിച്ചു. അതുകൊണ്ടു ശൗൽ ദാവീദിനോട്: “ഇതാ, ഈ രണ്ടാംപ്രാവശ്യം നീ എനിക്കു മരുമകനായിത്തീരണം” എന്നു പറഞ്ഞു.

22ശൗൽ തന്റെ പരിചാരകന്മാരെ വിളിച്ച്: “ ‘നോക്കൂ, രാജാവു നിന്നിൽ പ്രസാദിച്ചിരിക്കുന്നു; അദ്ദേഹത്തിന്റെ ഭൃത്യന്മാർക്കെല്ലാം നിന്നോടിഷ്ടമാണ്; അതുകൊണ്ടു നീ രാജാവിന്റെ മരുമകനായിത്തീരണം’ എന്നിങ്ങനെ ദാവീദിനോടു രഹസ്യമായി പറയാൻ” അവരെ നിയോഗിച്ചു.

23അവർ ആ വാക്കുകൾതന്നെ ദാവീദിനോടു പറഞ്ഞു. എന്നാൽ ദാവീദ് അവരോട്: “രാജാവിന്റെ മരുമകനായിത്തീരുക ഒരു നിസ്സാരകാര്യമെന്നു നിങ്ങൾ ചിന്തിക്കുന്നോ? ഞാൻ ദരിദ്രനും എളിയവനുമാണല്ലോ” എന്നു പറഞ്ഞു.

24അവർ ദാവീദിന്റെ വാക്കുകൾ രാജാവിനെ അറിയിച്ചു. 25“ ‘ശത്രുക്കളോടു പ്രതികാരമായി ഫെലിസ്ത്യരുടെ നൂറ് അഗ്രചർമമല്ലാതെ മറ്റു യാതൊന്നും രാജാവ് സ്ത്രീധനമായി ആഗ്രഹിക്കുന്നില്ല,’ എന്നു നിങ്ങൾ ദാവീദിനോടു പറയുക” എന്നു ശൗൽ അവരോടു കൽപ്പിച്ചു. ഫെലിസ്ത്യരുടെ കൈയാൽ ദാവീദിനെ വീഴ്ത്തണമെന്നാണു ശൗൽ ചിന്തിച്ചത്.

26ശൗലിന്റെ ഭൃത്യന്മാർ ഈ വിവരം ദാവീദിനെ അറിയിച്ചപ്പോൾ രാജാവിന്റെ മരുമകനാകുന്നത് അദ്ദേഹത്തിനു സന്തോഷമായി. അതിനാൽ വ്യവസ്ഥയുടെ കാലാവധി തീരുന്നതിനുമുമ്പുതന്നെ 27ദാവീദ് തന്റെ പടയാളികളോടുകൂടി പുറപ്പെട്ടുചെന്ന് ഫെലിസ്ത്യരിൽ ഇരുനൂറുപേരെ വധിച്ചു; രാജാവിന്റെ മരുമകനായിത്തീരുന്നതിനുവേണ്ടി അവരുടെ അഗ്രചർമം കൊണ്ടുവന്ന് അദ്ദേഹം രാജാവിന് എണ്ണം ഏൽപ്പിച്ചു. അപ്പോൾ ശൗൽ തന്റെ മകൾ മീഖളിനെ അദ്ദേഹത്തിനു വിവാഹംകഴിച്ചുകൊടുത്തു.

28യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും തന്റെ മകൾ മീഖൾ ദാവീദിനെ സ്നേഹിക്കുന്നെന്നും ശൗലിനു ബോധ്യമായി. 29അതിനാൽ ശൗൽ ദാവീദിനെ കൂടുതൽ ഭയപ്പെട്ടു. അദ്ദേഹം ദാവീദിന്റെ നിത്യശത്രുവായിത്തീർന്നു.

30ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിനു പുറപ്പെട്ടുവന്നു. അപ്പോഴൊക്കെയും ദാവീദ് ശൗലിന്റെ മറ്റു സേനാധിപന്മാരെക്കാൾ കൂടുതൽ വിജയം നേടിയിരുന്നു. അങ്ങനെ ദാവീദിന്റെ പേരു പ്രസിദ്ധമായിത്തീർന്നു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.