1 Samuel 10
1അപ്പോൾ ശമുവേൽ തൈലപാത്രമെടുത്ത് ശൗലിന്റെ തലയിൽ ഒഴിച്ചു; അവനെ ചുംബിച്ചിട്ട് അദ്ദേഹം പറഞ്ഞു: “യഹോവ തന്റെ അവകാശമായ ജനത്തിനു ▼▼അഥവാ, തന്റെ ജനമായ ഇസ്രായേലിന്
നായകനായി നിന്നെ അഭിഷേകംചെയ്തിരിക്കുന്നു. 2നീ ഇന്ന് എന്നെവിട്ടു യാത്രയാകുമ്പോൾ ബെന്യാമീൻദേശത്തിന്റെ അതിരിങ്കൽ, സെൽസഹിൽ, റാഹേലിന്റെ കല്ലറയ്ക്കരികിൽവെച്ച് രണ്ടു പുരുഷന്മാരെ കണ്ടുമുട്ടും. ‘നിങ്ങൾ തെരയുന്നതിന് പുറപ്പെട്ട കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു. ഇപ്പോൾ നിന്റെ പിതാവ് കഴുതകളുടെ കാര്യം വിട്ടിട്ട് നിങ്ങളെപ്പറ്റി ചിന്തിച്ച്, “എന്റെ മകനുവേണ്ടി ഞാൻ എന്തു ചെയ്യണം?” എന്നു ചോദിച്ചുകൊണ്ട് ആകുലചിത്തനായും കഴിയുന്നു,’ എന്ന് അവർ നിന്നോടു പറയും. 3“അവിടെനിന്ന് നീ മുമ്പോട്ടുപോയി താബോരിലെ കരുവേലകവൃക്ഷത്തിനരികെ എത്തുമ്പോൾ, ബേഥേലിൽ ദൈവസന്നിധിയിലേക്കു പോകുന്ന മൂന്നു പുരുഷന്മാരെ നീ കണ്ടുമുട്ടും. അവരിൽ ഒരാൾ മൂന്നു കോലാട്ടിൻകുട്ടികളെയും രണ്ടാമൻ മൂന്ന് അപ്പവും മൂന്നാമൻ ഒരു തുരുത്തി വീഞ്ഞും എടുത്തിട്ടുണ്ടാകും. 4അവർ നിന്നെ അഭിവാദ്യംചെയ്ത് രണ്ടപ്പം നിനക്കു നൽകും. അതു നീ അവരിൽനിന്ന് സ്വീകരിക്കണം.
5“അതിനുശേഷം നീ ദൈവത്തിന്റെ ഗിരിയായ ഗിബെയയിൽ എത്തണം. അവിടെ ഫെലിസ്ത്യരുടെ സൈനിക കാവൽത്താവളം സ്ഥിതിചെയ്യുന്നു. നീ പട്ടണത്തോടു സമീപിക്കുമ്പോൾ, മുമ്പിൽ വീണ, തപ്പ്, കുഴൽ, കിന്നരം എന്നിവ വായിച്ചുകൊണ്ട് മലയിൽനിന്നിറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും. അവർ പ്രവചിച്ചുകൊണ്ടിരിക്കും. 6അപ്പോൾ യഹോവയുടെ ആത്മാവ് നിന്റെമേൽ ശക്തിയോടെ വന്ന് ആവസിക്കും; നീയും അവരോടൊത്തു പ്രവചിക്കും. അങ്ങനെ നീ മറ്റൊരാളായി മാറും. 7ഈ ചിഹ്നങ്ങളെല്ലാം നിറവേറുമ്പോൾ നിനക്കു യുക്തമെന്നു തോന്നുന്നതു ചെയ്യുക; ദൈവം നിന്നോടുകൂടെയുണ്ട്.
8“നീ എനിക്കുമുമ്പായി ഗിൽഗാലിലേക്കു പോകണം! ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കാനായി ഞാൻ തീർച്ചയായും അവിടെ നിന്റെയടുക്കൽ ഇറങ്ങിവരും. എന്നാൽ ഞാനവിടെ വന്നെത്തി നീ എന്തു ചെയ്യണം എന്നു പറയുന്നതുവരെ ഏഴുദിവസം എനിക്കായി കാത്തിരിക്കണം.”
ശൗൽ രാജാവാക്കപ്പെടുന്നു
9ശമുവേലിന്റെ അടുത്തുനിന്നു പോകാനായി ശൗൽ തിരിഞ്ഞപ്പോൾ ദൈവം അവനു വേറൊരു ഹൃദയം നൽകി. അന്നുതന്നെ ഈ ചിഹ്നങ്ങളെല്ലാം നിറവേറി. 10അവർ ഗിബെയയിൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം അവർക്കെതിരേ വന്നു. ദൈവാത്മാവ് ശക്തിയോടെ ശൗലിന്മേൽ വന്ന് ആവസിച്ചു. അവരോടൊത്ത് അദ്ദേഹവും പ്രവചിച്ചു. 11നേരത്തേ ശൗലിനെ അറിയാവുന്നവർ അദ്ദേഹവും പ്രവാചകന്മാരോടൊത്തു പ്രവചിക്കുന്നതു കണ്ടപ്പോൾ: “കീശിന്റെ മകന് എന്തുപറ്റി? ശൗലും പ്രവാചകഗണത്തിലുണ്ടോ?” എന്നു പരസ്പരം ചോദിച്ചു.12അവിടത്തുകാരിൽ ഒരാൾ അതിനു മറുപടിയായി: “ആരാണ് അവരുടെ നേതാവ്?” എന്നു ചോദിച്ചു. അങ്ങനെ “ശൗലും പ്രവാചകഗണത്തിലോ?” എന്നത് ഒരു പഴഞ്ചൊല്ലായിത്തീർന്നു. 13ശൗൽ പ്രവചിച്ചുതീർന്നപ്പോൾ, അദ്ദേഹം ഗിബെയയിലെ മലയിലേക്കുപോയി.
14അപ്പോൾ ശൗലിന്റെ പിതൃസഹോദരൻ ശൗലിനെയും ഭൃത്യനെയും കണ്ടിട്ട്, “നിങ്ങൾ എവിടെയായിരുന്നു?” എന്നു ചോദിച്ചു.
“ഞങ്ങൾ കഴുതകളെ തെരയുകയായിരുന്നു. അവയെ കണ്ടെത്താൻകഴിയാതെവന്നപ്പോൾ ഞങ്ങൾ ശമുവേൽ പ്രവാചകന്റെ അടുത്തുപോയി,” എന്നു ശൗൽ മറുപടി നൽകി.
15ശൗലിന്റെ പിതൃസഹോദരൻ: “ശമുവേൽ നിങ്ങളോടെന്തു പറഞ്ഞു? എന്നോടു പറയുക!” എന്നു പറഞ്ഞു.
16“കഴുതകളെ കണ്ടെത്തിയിരിക്കുന്നു എന്ന് അദ്ദേഹം ഞങ്ങളോട് ഉറപ്പായി പറഞ്ഞു” എന്ന് ശൗൽ മറുപടി പറഞ്ഞു. രാജത്വത്തെപ്പറ്റി ശമുവേൽ പറഞ്ഞതൊന്നും ശൗൽ തന്റെ പിതൃസഹോദരനെ അറിയിച്ചില്ല.
17ശമുവേൽ ഇസ്രായേൽജനത്തെയെല്ലാം മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുവരുത്തി. 18അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു; ഈജിപ്റ്റിന്റെയും നിങ്ങളെ ഞെരുക്കിയ സകലരാഷ്ട്രങ്ങളുടെയും പിടിയിൽനിന്ന് നിങ്ങളെ വിടുവിച്ചു.’ 19എന്നാൽ സകല ആപത്തുകളിൽനിന്നും കഷ്ടതകളിൽനിന്നും രക്ഷിക്കുന്ന നിങ്ങളുടെ ദൈവത്തെ നിങ്ങളിന്നു തിരസ്കരിച്ചിരിക്കുന്നു; ‘ഞങ്ങൾക്കൊരു രാജാവിനെ വാഴിച്ചു തരിക,’ എന്നു നിങ്ങൾ ഇന്ന് ആവശ്യപ്പെട്ടിരിക്കുന്നു. അതിനാൽ ഇപ്പോൾ നിങ്ങൾ ഗോത്രംഗോത്രമായും കുലംകുലമായും യഹോവയുടെ സന്നിധിയിൽ അടുത്തുവരിക.”
20ശമുവേൽ ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം യഹോവയുടെ സന്നിധിയിൽ നിർത്തിക്കഴിഞ്ഞപ്പോൾ, ബെന്യാമീൻഗോത്രത്തിനു നറുക്കുവീണു. 21പിന്നെ അദ്ദേഹം ബെന്യാമീൻഗോത്രത്തെ കുലംകുലമായി മുമ്പോട്ടു വരുത്തി; മത്രികുലം തെരഞ്ഞെടുക്കപ്പെട്ടു. അവസാനം കീശിന്റെ മകനായ ശൗൽ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ അവർ അദ്ദേഹത്തെ അന്വേഷിച്ചപ്പോൾ അവിടെയെങ്ങും കാണാനില്ലായിരുന്നു. 22അതിനാൽ അവർ വീണ്ടും യഹോവയോട്: “ആ മനുഷ്യൻ ഇവിടെ വന്നിട്ടുണ്ടോ?” എന്ന് അരുളപ്പാടു ചോദിച്ചു.
“അയാൾ സാധനസാമഗ്രികൾക്കിടയിൽ ഒളിച്ചിരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്തു.
23അവർ ഓടിച്ചെന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു. ജനങ്ങളുടെ ഇടയിൽനിന്നപ്പോൾ ശൗൽ മറ്റെല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവനായിരുന്നു. 24ശമുവേൽ സകലജനത്തോടും: “യഹോവ തെരഞ്ഞെടുത്ത മനുഷ്യനെ നിങ്ങൾ കാണുന്നുണ്ടോ? ഇസ്രായേലിലെങ്ങും അവനെപ്പോലെ മറ്റൊരാളുമില്ലല്ലോ” എന്നു പറഞ്ഞു.
“രാജാവ് നീണാൾ വാഴട്ടെ!” എന്നു ജനം ആർത്തുവിളിച്ചു.
25രാജത്വത്തിന്റെ അവകാശങ്ങളും ചുമതലകളും ശമുവേൽ ജനങ്ങൾക്കു വിശദീകരിച്ചുകൊടുത്തു. അദ്ദേഹം അവയെല്ലാം ഒരു ചുരുളിൽ എഴുതി യഹോവയുടെ സന്നിധിയിൽ സൂക്ഷിച്ചു. അതിനുശേഷം ശമുവേൽ ജനത്തെ വീടുകളിലേക്കു തിരിച്ചയച്ചു.
26ശൗലും ഗിബെയയിലുള്ള തന്റെ ഭവനത്തിലേക്കു മടങ്ങി. ദൈവം ഹൃദയത്തിൽ പ്രേരണ നൽകിയ പരാക്രമശാലികളായ ചില പുരുഷന്മാരും അദ്ദേഹത്തോടൊപ്പം പോയി. 27എന്നാൽ ആഭാസന്മാരായ ചിലർ, “ഈ മനുഷ്യനു നമ്മെ എങ്ങനെ രക്ഷിക്കാൻ കഴിയും?” എന്നു പറഞ്ഞ് ശൗലിനെ ധിക്കരിച്ചു; അദ്ദേഹത്തിനു കാഴ്ചകൾ കൊണ്ടുവന്നതുമില്ല. എന്നാൽ ശൗൽ അതു ഗണ്യമാക്കിയതേയില്ല.
Copyright information for
MalMCV