‏ 1 Peter 5

സഭാമുഖ്യന്മാരും ദൈവജനവും

1ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾക്ക് സാക്ഷിയും ഇനി വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തിന്റെ പങ്കാളിയും നിങ്ങളുടെ ഒരു കൂട്ടുമുഖ്യനുമായ ഞാൻ നിങ്ങളുടെ മധ്യത്തിൽ ശുശ്രൂഷചെയ്യുന്ന സഭാമുഖ്യന്മാരെ ഉദ്ബോധിപ്പിക്കുന്നത്: 2നിങ്ങളുടെ പരിപാലനത്തിന് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയിക്കുക; നിങ്ങൾ അതു ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്ന തരത്തിൽ, പിറുപിറുക്കലോടെയല്ല, പൂർണമനസ്സോടെ; ലാഭേച്ഛയോടെയല്ല, നിസ്വാർഥതയോടെതന്നെ ചെയ്യുക. 3നിങ്ങളുടെ പരിപാലനത്തിൻകീഴിലുള്ള ജനങ്ങളെ അടക്കിഭരിക്കുകയല്ല; പിന്നെയോ അവരുടെമുമ്പാകെ നല്ല മാതൃകകളായിരിക്കുകയാണ് വേണ്ടത്. 4ഇങ്ങനെയായാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് ഒളിമങ്ങാത്ത മഹത്ത്വത്തിന്റെ കിരീടം ലഭിക്കും.

5അതുപോലെതന്നെ യുവാക്കളേ, നിങ്ങൾ സഭാമുഖ്യന്മാർക്കു വിധേയരാകുക. നിങ്ങൾ എല്ലാവരും വിനയം ധരിച്ചുകൊണ്ട് പരസ്പരം ശുശ്രൂഷിക്കുക. കാരണം,

“ദൈവം അഹങ്കാരികളെ എതിർക്കുന്നു,
എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.” a
6അതുകൊണ്ട്, ദൈവത്തിന്റെ ശക്തിയേറിയ കരത്തിൻകീഴിൽ വിനയാന്വിതരായിരിക്കുക. അപ്പോൾ അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തും. 7ദൈവം നിങ്ങളുടെ സകലകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക.

8ജാഗ്രതയുള്ളവർ ആയിരിക്കുക! സമചിത്തത പാലിക്കുക! നിങ്ങളുടെ വൈരിയായ പിശാച് ഗർജിക്കുന്ന സിംഹത്തെപ്പോലെ ആരെ കടിച്ചുകീറി തിന്നേണ്ടൂ എന്നു പരതിക്കൊണ്ട് പതുങ്ങി നടക്കുന്നു. 9വിശ്വാസത്തിൽ അടിയുറച്ച് നിന്നുകൊണ്ട് അവനെ ശക്തിയുക്തം എതിർക്കുക. ലോകമെമ്പാടുമുള്ള നിങ്ങളുടെ സഹോദരസമൂഹം ഇതേ ദുരിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നു എന്നുള്ള കാര്യം നിങ്ങളും അറിയുക.

10അൽപ്പകാലത്തേക്കുള്ള ഈ ഉപദ്രവസഹനത്തിനുശേഷം, ക്രിസ്തുവിലുള്ള ശാശ്വതതേജസ്സിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന സർവകൃപാലുവായ ദൈവം നിങ്ങളെ പുനഃസ്ഥാപിച്ച് ശക്തരാക്കി സുസ്ഥിരരായി നിലനിർത്തും. 11സർവാധിപത്യം എന്നെന്നേക്കും അവിടത്തേക്കുള്ളതാകുന്നു. ആമേൻ.

അന്തിമ അഭിവാദനങ്ങൾ

12ഞാൻ വിശ്വസ്തസഹോദരനായി കാണുന്ന സില്വാനൊസിന്റെ
അതായത്, ശീലാസ്
സഹായത്താൽ, ഇതാണ് വാസ്തവമായി ദൈവകൃപയെന്ന്, നിങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സാക്ഷ്യപ്പെടുത്താനായിട്ടാണ് വളരെ ചുരുക്കമായി ഈ കാര്യങ്ങൾ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്. നിങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ദൈവകൃപയാണ്; അതിൽ സുസ്ഥിരരായിരിക്കുക.

13ബാബേലിൽ ഉള്ള നിങ്ങളുടെ സഹോദരിസഭയും എന്റെ മകൻ മർക്കോസും അഭിവാദനങ്ങൾ അറിയിക്കുന്നു.

14സ്നേഹചുംബനത്താൽ പരസ്പരം അഭിവാദ്യം ചെയ്യുക.

ക്രിസ്തുവിലുള്ള നിങ്ങൾക്ക് എല്ലാവർക്കും സമാധാനം ഉണ്ടാകുമാറാകട്ടെ.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.

Everyone uses cookies. We do too! Cookies are little bits of information stored on your computer which help us give you a better experience. You can find out more by reading the STEPBible cookie policy.