‏ 1 Kings 18

ഏലിയാവും ഓബദ്യാവും

1വളരെ നാളുകൾക്കുശേഷം—മൂന്നാംവർഷത്തിൽ—യഹോവയുടെ അരുളപ്പാട് ഏലിയാവിനുണ്ടായി: “നീ ചെന്ന് ആഹാബ് രാജാവിന്റെ മുമ്പിൽ മുഖം കാണിക്കുക. ഞാൻ ഭൂമിയിൽ മഴപെയ്യിക്കാൻ പോകുന്നു.” 2അങ്ങനെ, ആഹാബിന്റെ മുമ്പിൽ മുഖം കാണിക്കുന്നതിനായി ഏലിയാവു പുറപ്പെട്ടു.

ഈ സമയം, ശമര്യയിൽ ക്ഷാമം അതികഠിനമായിരുന്നു.
3ആഹാബ്, കൊട്ടാരം ഭരണാധിപനായ ഓബദ്യാവിനെ ആളയച്ചുവരുത്തി—ഓബദ്യാവ് യഹോവയുടെ ഒരു മഹാഭക്തനായിരുന്നു; 4ഈസബേൽരാജ്ഞി യഹോവയുടെ പ്രവാചകന്മാരെ കൂട്ടക്കൊല ചെയ്തുകൊണ്ടിരുന്നപ്പോൾ ഓബദ്യാവ് നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടുപോയി. അവരെ അൻപതുപേർ വീതമുള്ള സംഘങ്ങളായി രണ്ടു ഗുഹകളിലായി ഒളിപ്പിക്കുകയും അവർക്കു ഭക്ഷണപാനീയങ്ങൾ നൽകി സംരക്ഷിക്കുകയും ചെയ്തിരുന്നു— 5ആഹാബ് ഓബദ്യാവിനോടു പറഞ്ഞു: “ഈ നാട്ടിൽ ഉടനീളം സകലനീരുറവകളുടെയും താഴ്വരകളുടെയും സമീപം നമുക്കു പോയിനോക്കാം; ഒരുപക്ഷേ, നമ്മുടെ ചില കുതിരകളെയും കോവർകഴുതകളെയും കൊല്ലാതെ നമ്മുടെ മൃഗസമ്പത്ത് ജീവനോടെ രക്ഷിക്കാൻ പാകത്തിൽ നമുക്ക് അൽപ്പം പച്ചപ്പുല്ലു കണ്ടെത്താൻ കഴിയുമായിരിക്കും.” 6അങ്ങനെ, തങ്ങൾ പരിശോധിക്കേണ്ട പ്രദേശങ്ങൾ അവർ രണ്ടായി വിഭജിച്ചു; ഒരു ദിശയിലേക്ക് ആഹാബും മറ്റേ ദിശയിലേക്ക് ഓബദ്യാവും യാത്രയായി.

7ഓബദ്യാവു യാത്രചെയ്തുപോകുമ്പോൾ ഏലിയാവ് അദ്ദേഹത്തെ വഴിയിൽവെച്ചു കണ്ടുമുട്ടി. ഓബദ്യാവ് അദ്ദേഹത്തെ തിരിച്ചറിഞ്ഞു; അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം പ്രണമിച്ചു പറഞ്ഞു: “ഇത്, എന്റെ യജമാനനായ ഏലിയാവുതന്നെയോ?”

8“അതേ, ഞാൻതന്നെ. ‘ഏലിയാവ് ഇവിടെയുണ്ട്,’ എന്നു നീ ചെന്ന് നിന്റെ യജമാനനെ അറിയിക്കുക,” എന്ന് ഏലിയാവു മറുപടി നൽകി.

9ഓബദ്യാവു ചോദിച്ചു: “ആഹാബിന്റെ കൈകളാൽ കൊല്ലപ്പെടുന്നതിന് എന്നെത്തന്നെ ഏൽപ്പിച്ചു കൊടുക്കേണ്ടതിനു അടിയൻ എന്തു തെറ്റുചെയ്തു? 10അങ്ങയുടെ ജീവനുള്ള ദൈവമായ യഹോവയാണെ, എന്റെ യജമാനൻ അങ്ങയെ അന്വേഷിച്ച് ആളയയ്ക്കാത്ത ഒരു ജനതയോ രാജ്യമോ ഇല്ല. ‘അദ്ദേഹം ഇവിടെയില്ല,’ എന്ന് അവർ പറയുമ്പോൾ, ആഹാബ് ആ ജനതയേയൊ രാജ്യത്തേയോകൊണ്ട്, ‘ഞങ്ങൾക്ക് ഏലിയാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല’ എന്ന് ശപഥംചെയ്യിച്ചിരുന്നു. 11അങ്ങനെയിരിക്കെ, ‘ഏലിയാവ് ഇവിടെയുണ്ട്,’ എന്ന് എന്റെ യജമാനനായ രാജാവിനോടു ചെന്നു പറയാൻ അങ്ങ് എന്നോടു കൽപ്പിക്കുന്നല്ലോ? 12ഞാൻ അങ്ങയെ വിട്ടുപോകുമ്പോൾ യഹോവയുടെ ആത്മാവ് അങ്ങയെ ഏതു സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോകുമെന്ന് എനിക്കറിഞ്ഞുകൂടാ. ഞാൻ ചെന്ന് ആഹാബിനോടു വിവരം പറയുകയും അദ്ദേഹം അങ്ങയെ കണ്ടെത്താതിരിക്കുകയും ചെയ്താൽ, രാജാവ് എന്നെ വധിക്കും. അതുമാത്രമല്ല; അങ്ങയുടെ ദാസനായ ഞാൻ എന്റെ യൗവനംമുതൽ യഹോവയെ ഭയപ്പെട്ട് ജീവിക്കുന്ന വ്യക്തിയുമാണല്ലോ! 13ഈസബേൽരാജ്ഞി യഹോവയുടെ പ്രവാചകന്മാരെ കൊന്നുമുടിച്ചുകൊണ്ടിരുന്നപ്പോൾ അടിയൻ ചെയ്തത് എന്താണെന്നു യജമാനനായ അങ്ങ് കേട്ടിട്ടുണ്ടല്ലോ. ഞാൻ നൂറു പ്രവാചകന്മാരെ അൻപതുവീതമുള്ള രണ്ടു സംഘങ്ങളായി ഗുഹകളിൽ ഒളിപ്പിച്ച് അവർക്കു ഭക്ഷണപാനീയങ്ങൾ കൊടുത്തുവല്ലോ. 14എന്റെ യജമാനനായ രാജാവിന്റെ അടുത്തുചെന്ന് ‘ഏലിയാവ് ഇവിടെയുണ്ട്,’ എന്ന് അറിയിക്കാൻ അങ്ങ് ഇപ്പോൾ എന്നോടു കൽപ്പിക്കുന്നോ? രാജാവ് എന്നെ നിശ്ചയമായും വധിക്കും.”

15ഏലിയാവു പറഞ്ഞു: “ഞാൻ സേവിക്കുന്ന സൈന്യങ്ങളുടെ യഹോവയാണെ, ഞാൻ ഇന്നുതന്നെ തീർച്ചയായും ആഹാബിന്റെ മുമ്പിൽ മുഖം കാണിക്കും.”

ഏലിയാവ് കർമേൽമലയിൽ

16അങ്ങനെ, ഓബദ്യാവ് ആഹാബിനെ ചെന്നുകണ്ടു വിവരമെല്ലാം അറിയിച്ചു. ആഹാബ് ഏലിയാവിനെ കാണുന്നതിനായി പുറപ്പെട്ടു. 17ഏലിയാവിനെ കണ്ടപ്പോൾ രാജാവ്: “ഇതു നീയോ, നീ തന്നെയോ ഇസ്രായേലിനെ ദ്രോഹിക്കുന്നവൻ?” എന്നു ചോദിച്ചു.

18ഏലിയാവു മറുപടി നൽകി: “ഇസ്രായേലിനെ ദ്രോഹിക്കുന്നതു ഞാനല്ല. എന്നാൽ, താങ്കളും താങ്കളുടെ പിതൃഭവനവുമാണ് അതു പ്രവർത്തിച്ചിട്ടുള്ളത്. താങ്കൾ യഹോവയുടെ കൽപ്പനകൾ ഉപേക്ഷിച്ചു ബാൽവിഗ്രഹങ്ങളുടെ പുറകേ പോയിരിക്കുന്നു. 19അതുകൊണ്ട്, ഇപ്പോൾത്തന്നെ ആളയച്ച് ഇസ്രായേലിലെ സർവജനത്തെയും കർമേൽമലയിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക; ഈസബേലിന്റെ മേശയിൽനിന്നു ഭക്ഷിച്ചുവരുന്ന നാനൂറ്റിയമ്പതു ബാലിന്റെ പ്രവാചകരെയും നാനൂറ് അശേരാപ്രവാചകന്മാരെയും ഒരുമിച്ചു വരുത്തുക.”

20അങ്ങനെ, ആഹാബ് ഇസ്രായേലിലെല്ലാം കൽപ്പന പുറപ്പെടുവിച്ചു. സകലപ്രവാചകന്മാരെയും കർമേൽമലയിൽ സമ്മേളിപ്പിച്ചു. 21ഏലിയാവു ജനാവലിയുടെമുമ്പാകെ ചെന്നു ചോദിച്ചു: “നിങ്ങൾ എത്രകാലം ഇങ്ങനെ രണ്ട് ഊന്നുവടിയിലുമായി മുടന്തിനീങ്ങും? യഹോവ ആകുന്നു ദൈവം എങ്കിൽ അവിടത്തെ സേവിക്കുക! അല്ല, ബാലാണു ദൈവമെങ്കിൽ അവനെ സേവിക്കുക” എന്നു പറഞ്ഞു.

എന്നാൽ, ജനം മറുപടിയായി ഒരു വാക്കുപോലും പറഞ്ഞില്ല.

22അപ്പോൾ, ഏലിയാവു വീണ്ടും ജനത്തോടു പറഞ്ഞു: “യഹോവയുടെ പ്രവാചകന്മാരിൽ ഞാൻ; അതേ, ഞാൻ ഒരുവൻമാത്രം ശേഷിച്ചിരിക്കുന്നു; എന്നാൽ, ബാലിന്റെ പ്രവാചകന്മാർ നാനൂറ്റിയമ്പതു പേരുണ്ടല്ലോ! 23ഞങ്ങൾക്കു രണ്ടു കാളകളെ തരിക; അവയിൽ ഒന്നിനെ അവർതന്നെ തെരഞ്ഞെടുത്ത് വെട്ടിനുറുക്കി വിറകിനുമീതേ വെക്കട്ടെ; പക്ഷേ, തീകൊളുത്തരുത്. മറ്റേ കാളയെ ഞാനും തയ്യാറാക്കി വിറകിനുമീതേ വെച്ചു തീകൊളുത്താതെയിരിക്കാം. 24പിന്നെ, നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തിൽ പ്രാർഥിക്കുക; ഞാനോ യഹോവയുടെ നാമത്തിൽ പ്രാർഥിക്കാം. അഗ്നി അയച്ച് ഉത്തരംനൽകുന്ന ദൈവംതന്നെ യഥാർഥ ദൈവമെന്ന് നമുക്ക് തീരുമാനിക്കാം.”

“അങ്ങു പറഞ്ഞതു നല്ല കാര്യം,” എന്നു സകലജനവും മറുപടി പറഞ്ഞു.

25ഏലിയാവു ബാലിന്റെ പ്രവാചകന്മാരോടു പറഞ്ഞു: “നിങ്ങൾ അനേകംപേരുണ്ടല്ലോ, അതുകൊണ്ട് കാളകളിൽ ഒന്നിനെ നിങ്ങൾതന്നെ ആദ്യം തെരഞ്ഞെടുത്ത് തയ്യാറാക്കുക! എന്നിട്ട്, നിങ്ങളുടെ ദേവന്റെ നാമം വിളിച്ചു പ്രാർഥിക്കുക! എന്നാൽ, അതിനു തീകൊളുത്തരുത്.” 26അങ്ങനെ, ബാലിന്റെ പ്രവാചകർ തങ്ങൾക്കു ലഭിച്ച കാളയെ ഒരുക്കി.

“ബാലേ, ഞങ്ങൾക്ക് ഉത്തരമരുളണമേ!” എന്ന് അവർ പ്രഭാതംമുതൽ മധ്യാഹ്നംവരെ ബാലിന്റെ നാമം വിളിച്ചു പ്രാർഥിച്ചു. എന്നാൽ, യാതൊരു പ്രതികരണവും ഉണ്ടായില്ല; ആരുടെയും ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. അവർ, തങ്ങൾ നിർമിച്ച ബലിപീഠത്തിനുചുറ്റും തുള്ളിച്ചാടിക്കൊണ്ടിരുന്നു.

27മധ്യാഹ്നമായപ്പോൾ ഏലിയാവ് അവരെ പരിഹസിച്ചു: “നിങ്ങൾ കൂടുതൽ ഉച്ചത്തിൽ വിളിക്കുക, അവനൊരു ദേവനല്ലേ? ഒരുപക്ഷേ, അവൻ പകൽക്കിനാവു കാണുകയായിരിക്കാം; അല്ലെങ്കിൽ വിസർജനത്തിനു പോയിരിക്കാം; അല്ലെങ്കിൽ യാത്രയിലായിരിക്കാം. ഒരുപക്ഷേ, ഉറങ്ങുകയാണെന്നും വരാം; എങ്കിൽ, അവനെ ഉണർത്തണം.” 28അവർ അത്യുച്ചത്തിൽ ആർത്തുവിളിച്ചു. തങ്ങളുടെ ആചാരപ്രകാരം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളുടെ ശരീരത്തിൽ മുറിവേൽപ്പിച്ചു രക്തമൊഴുക്കി. 29മധ്യാഹ്നം കഴിഞ്ഞു: സായാഹ്നബലിയുടെ സമയംവരെയും അവർ ഉന്മാദാവസ്ഥയിൽ ജല്പനം തുടർന്നുകൊണ്ടിരുന്നു. എന്നാൽ, യാതൊരു പ്രതികരണവും ഉണ്ടായില്ല; ആരും ഉത്തരം നൽകിയില്ല; അവരുടെ വാക്കുകൾ കേൾക്കാൻ ആരും ഉണ്ടായതുമില്ല.

30പിന്നെ, ഏലിയാവ്: “ഇവിടെ, എന്റെ അടുത്തുവരിക” എന്നു ജനത്തോടു പറഞ്ഞു. അവർ അദ്ദേഹത്തിന്റെ അടുക്കലേക്കു നീങ്ങി. ഇതിനിടയിൽ, തകർക്കപ്പെട്ടുകിടന്നിരുന്ന യഹോവയുടെ യാഗപീഠം അദ്ദേഹം പുനർനിർമിച്ചു. 31“നിന്റെ നാമം ഇസ്രായേൽ എന്നായിരിക്കും” എന്ന് യഹോവയുടെ വാഗ്ദാനം ലഭിച്ച യാക്കോബിന്റെ പിൻഗാമികളായ പുത്രന്മാരിൽനിന്ന് ഉത്ഭവിച്ച ഓരോ ഗോത്രത്തിനും ഓരോ കല്ല് എന്ന പ്രകാരം ഏലിയാവ് പന്ത്രണ്ടു കല്ലെടുത്തു. 32ആ കല്ലുകൾകൊണ്ട് അദ്ദേഹം യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം നിർമിച്ചു. അതിനുചുറ്റും രണ്ടുസേയാ
ഏക. 11 കി.ഗ്രാം.
വിത്ത് ഉൾക്കൊള്ളുന്ന വിസ്തൃതിയിൽ ഒരു കിടങ്ങും നിർമിച്ചു.
33അദ്ദേഹം യാഗപീഠത്തിൽ വിറകു നിരത്തി; കാളയെ കഷണങ്ങളാക്കി വിറകിനുമീതേ വെച്ചു. പിന്നെ, അദ്ദേഹം അവരോട്: “നാലു വലിയ തൊട്ടി നിറയെ വെള്ളം യാഗവസ്തുവിന്മേലും വിറകിന്മേലും ഒഴിക്കുക” എന്നു പറഞ്ഞു.

34“വീണ്ടും അങ്ങനെ ചെയ്യുക,” എന്ന് അദ്ദേഹം അവരോട് ആജ്ഞാപിച്ചു; അവർ വീണ്ടും അപ്രകാരംതന്നെ ചെയ്തു.

“മൂന്നാമതും അങ്ങനെതന്നെ ചെയ്യുക,” എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവർ മൂന്നാമതും അപ്രകാരംചെയ്തു.
35വെള്ളം യാഗപീഠത്തിനുചുറ്റും ഒഴുകി കിടങ്ങിൽ നിറഞ്ഞുനിന്നു.

36യാഗാർപ്പണത്തിനു സമയമായപ്പോൾ പ്രവാചകനായ ഏലിയാവ് യാഗപീഠത്തിനടുത്തേക്കു ചെന്ന്: “അബ്രാഹാം, യിസ്ഹാക്ക്, ഇസ്രായേൽ എന്നിവരുടെ ദൈവമായ യഹോവേ! ഇസ്രായേലിൽ അവിടന്നുമാത്രം ദൈവമെന്നും, അടിയൻ അവിടത്തെ ദാസനെന്നും, അവിടത്തെ കൽപ്പനയനുസരിച്ചാണ് അടിയൻ ഇതൊക്കെയും പ്രവർത്തിച്ചതെന്നും ഇന്നത്തെ ദിവസം വെളിപ്പെടുമാറാകട്ടെ! 37യഹോവേ, അടിയന് ഉത്തരമരുളണമേ! യഹോവയായ അവിടന്നാണ് ദൈവമെന്നും അവിടന്ന് അവരുടെ ഹൃദയം വീണ്ടും അങ്ങയിലേക്കു തിരിക്കുന്നെന്നും ഈ ജനം അറിയേണ്ടതിന് എനിക്കുത്തരമരുളണമേ” എന്നു പ്രാർഥിച്ചു.

38അപ്പോൾ, യഹോവയുടെ അഗ്നി ആകാശത്തുനിന്നിറങ്ങി യാഗവസ്തുവും വിറകും യാഗപീഠത്തിന്റെ കല്ലുകളും മണ്ണും ദഹിപ്പിച്ചുകളഞ്ഞു. ചുറ്റുമുള്ള കിടങ്ങിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.

39സകലജനവും ഇതു കണ്ടപ്പോൾ സാഷ്ടാംഗം വീണ്: “യഹോവയാകുന്നു ദൈവം! യഹോവയാകുന്നു ദൈവം!” എന്നു വിളിച്ചുപറഞ്ഞു.

40അപ്പോൾ, ഏലിയാവ് ജനത്തോടു: “ബാലിന്റെ പ്രവാചകന്മാരെ പിടിക്കുക! അവരിൽ ഒരുത്തരും രക്ഷപ്പെടരുത്!” എന്ന് ആജ്ഞാപിച്ചു. ജനം അവരെ പിടികൂടി. ഏലിയാവ് അവരെ കീശോൻ അരുവിക്കരികെ കൊണ്ടുവന്ന് അവിടെവെച്ചു വധിച്ചുകളഞ്ഞു.

41പിന്നെ, ഏലിയാവ് ആഹാബ് രാജാവിനോടു: “പോയി ഭക്ഷണപാനീയങ്ങൾ കഴിക്കുക; ഒരു ശക്തമായ മഴയുടെ മുഴക്കമുണ്ട്” എന്നു പറഞ്ഞു. 42അങ്ങനെ, ആഹാബ് ഭക്ഷിച്ചു പാനംചെയ്യുന്നതിനു യാത്രയായി. എന്നാൽ, ഏലിയാവ് കർമേലിന്റെ മുകളിൽക്കയറി തന്റെ തല കാൽമുട്ടുകൾക്കിടയിൽവെച്ചു ഭൂമിയോളം കുനിഞ്ഞിരുന്നു.

43“നീ പോയി കടലിനുനേരേ നോക്കുക,” എന്ന് ഏലിയാവ് തന്റെ ഭൃത്യനോടു പറഞ്ഞു. അയാൾ പോയി നോക്കി.

“അവിടെ ഒന്നുമില്ല,” എന്ന് അയാൾ തിരികെവന്നു പറഞ്ഞു.

ഏലിയാവ്, “പോയി നോക്കുക” എന്ന് ഏഴുപ്രാവശ്യം പറഞ്ഞു.

44ഏഴാംപ്രാവശ്യം ദാസൻ വന്നു: “ഒരു മനുഷ്യന്റെ കൈപ്പത്തിയോളംമാത്രമുള്ള ഒരു ചെറിയമേഘം സമുദ്രത്തിൽനിന്നുയരുന്നുണ്ട്” എന്നു പറഞ്ഞു.

“നീ ചെന്ന് ആഹാബിനോട്: ‘മഴ നിന്നെ തടസ്സപ്പെടുത്തുന്നതിനുമുമ്പ് വേഗം രഥം പൂട്ടി മടങ്ങിപ്പോകുക’ എന്നു പറയുക” എന്ന് ഏലിയാവ് ഭൃത്യനോട് ആജ്ഞാപിച്ചു.

45അതിനിടെ, ആകാശം മേഘങ്ങൾകൊണ്ടുമൂടി കറുത്തിരുണ്ടു; അതിശക്തമായ മഴ പെയ്തു. ആഹാബ് രഥത്തിലേറി യെസ്രീലിലേക്കു തിരികെപ്പോയി. 46യഹോവയുടെ ശക്തി ഏലിയാവിന്മേൽ വന്നു. അദ്ദേഹം അര മുറുക്കി യെസ്രീലിന്റെ കവാടംവരെ ആഹാബിനു മുമ്പിലായി ഓടിയെത്തി.

Copyright information for MalMCV