‏ 1 Kings 13

യെഹൂദ്യയിൽനിന്നുള്ള ദൈവപുരുഷൻ

1യൊരോബെയാം ധൂപം അർപ്പിക്കുന്നതിനായി പീഠത്തിൽ നിൽക്കുമ്പോൾ ഒരു ദൈവപുരുഷൻ യഹോവയുടെ കൽപ്പനയാൽ യെഹൂദ്യയിൽനിന്ന് ബേഥേലിലേക്കു വന്നു. 2ദൈവകൽപ്പനയാൽ അദ്ദേഹം യാഗപീഠത്തിന്റെ നേർക്കു വിളിച്ചുപറഞ്ഞു: “യാഗപീഠമേ, യാഗപീഠമേ! യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ദാവീദിന്റെ കുടുംബത്തിൽ യോശിയാവ് എന്നു പേരുള്ള ഒരു മകൻ ജനിക്കും. ഇവിടെ മലകളിൽ യാഗമർപ്പിക്കുന്ന പുരോഹിതന്മാരെ അവൻ നിന്റെമേൽ യാഗം കഴിക്കും. മനുഷ്യാസ്ഥികൾ നിന്റെമേൽ ദഹിപ്പിക്കപ്പെടും.’ ” 3അന്നുതന്നെ, ആ ദൈവപുരുഷൻ ഒരു ചിഹ്നവും നൽകി: “യഹോവ കൽപ്പിച്ചിരിക്കുന്ന ചിഹ്നം ഇതാണ്: ഈ യാഗപീഠം പൊട്ടിപ്പിളരുകയും ഇതിന്മേലുള്ള കൊഴുപ്പുനിറഞ്ഞ ചാരം തൂകിപ്പോകുകയും ചെയ്യും.”

4ബേഥേലിലെ യാഗപീഠത്തിനെതിരേ ദൈവപുരുഷൻ വിളിച്ചുപറഞ്ഞ വാക്കുകൾ യൊരോബെയാം കേട്ടപ്പോൾ അദ്ദേഹം യാഗപീഠത്തിൽനിന്ന് കൈചൂണ്ടിക്കൊണ്ട്: “അവനെ പിടിക്കുക!” എന്നു കൽപ്പിച്ചു. എന്നാൽ, ദൈവപുരുഷന്റെനേരേ രാജാവു നീട്ടിയകരം, മടക്കാൻ കഴിയാത്തവിധം മരവിച്ചു പോയി. 5അപ്പോൾത്തന്നെ, യഹോവയുടെ വചനത്താൽ ദൈവപുരുഷൻ കൊടുത്ത അടയാളപ്രകാരം യാഗപീഠം പൊട്ടിപ്പിളർന്നു വേർപെടുകയും അതിന്മേലുള്ള കൊഴുപ്പുനിറഞ്ഞ ചാരം തൂകിപ്പോകുകയും ചെയ്തു.

6അപ്പോൾ, രാജാവ് ദൈവപുരുഷനോട്: “എന്റെ കൈ വീണ്ടും മടങ്ങാൻവേണ്ടി താങ്കളുടെ ദൈവമായ യഹോവയോടു മധ്യസ്ഥതചെയ്ത് എനിക്കുവേണ്ടി പ്രാർഥിക്കണേ!” എന്നപേക്ഷിച്ചു. ആ ദൈവപുരുഷൻ രാജാവിനുവേണ്ടി ദൈവത്തോടു മധ്യസ്ഥതവഹിച്ചു പ്രാർഥിച്ചു; രാജാവിന്റെ കൈ പൂർവസ്ഥിതിയിലായിത്തീർന്നു.

7രാജാവ് ദൈവപുരുഷനോട്: “എന്നോടുകൂടെ അരമനയിൽ വന്ന് എന്തെങ്കിലും ഭക്ഷിച്ചാലും! ഞാൻ അങ്ങേക്കൊരു സമ്മാനവും നൽകുന്നുണ്ട്” എന്നു പറഞ്ഞു.

8എന്നാൽ, ആ ദൈവപുരുഷൻ രാജാവിനോടു മറുപടി പറഞ്ഞു: “നിന്റെ സമ്പത്തിൽ പകുതി തന്നാലും ഞാൻ നിന്റെകൂടെ വരികയോ ഇവിടെവെച്ച് അപ്പം ഭക്ഷിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുകയില്ല. 9കാരണം, ‘നീ അപ്പം ഭക്ഷിക്കുകയോ വെള്ളം കുടിക്കുകയോ വന്നവഴിയായി തിരികെ പോകുകയോ ചെയ്യരുത്,’ എന്നാണ് എനിക്കു ലഭിച്ചിരിക്കുന്ന യഹോവയുടെ കൽപ്പന.” 10അതിനാൽ, അദ്ദേഹം വന്നവഴിയേതന്നെ മടങ്ങാതെ, മറ്റൊരു വഴിയായി ബേഥേലിലേക്കു മടങ്ങിപ്പോയി.

11അതേസമയം, ബേഥേലിൽ വൃദ്ധനായ ഒരു പ്രവാചകൻ ഉണ്ടായിരുന്നു. ഈ പ്രവാചകന്റെ പുത്രന്മാർ വന്ന് ദൈവപുരുഷൻ അന്ന് ബേഥേലിൽ ചെയ്ത കാര്യങ്ങളെല്ലാം അദ്ദേഹത്തോടു പറഞ്ഞു. ദൈവപുരുഷൻ രാജാവിനോടു പറഞ്ഞ കാര്യങ്ങളും അവർ പിതാവിനെ അറിയിച്ചു. 12“ഏതു വഴിയായാണ് അദ്ദേഹം യാത്രയായത്,” എന്ന് അവരുടെ പിതാവു ചോദിച്ചു. യെഹൂദ്യയിൽനിന്നുള്ള ദൈവപുരുഷൻ മടങ്ങിപ്പോയ വഴി അവർ തങ്ങളുടെ പിതാവിനു കാണിച്ചുകൊടുത്തു. 13“എനിക്കുവേണ്ടി കഴുതയ്ക്കു കോപ്പിട്ടുതരിക,” എന്ന് അദ്ദേഹം തന്റെ പുത്രന്മാരോട് ആവശ്യപ്പെട്ടു. അവർ കഴുതയ്ക്കു കോപ്പിട്ടുകൊടുത്തപ്പോൾ, അദ്ദേഹം കഴുതപ്പുറത്തുകയറി 14ദൈവപുരുഷന്റെ പിന്നാലെ യാത്രപുറപ്പെട്ടു. കരുവേലകത്തിൻകീഴേ ഇരിക്കുന്ന ദൈവപുരുഷനെ കണ്ടെത്തി. അദ്ദേഹം ചോദിച്ചു: “യെഹൂദ്യയിൽനിന്നും വന്ന ദൈവപുരുഷൻ താങ്കളാണോ?”

“അതേ, ഞാൻതന്നെ,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.

15അപ്പോൾ, വൃദ്ധനായ പ്രവാചകൻ അദ്ദേഹത്തോട്: “എന്റെ ഭവനത്തിൽ വന്ന് എന്നോടുകൂടി ഭക്ഷണം കഴിച്ചാലും” എന്നപേക്ഷിച്ചു.

16ദൈവപുരുഷൻ അതിനു മറുപടി പറഞ്ഞത്: “എനിക്കു താങ്കളോടുകൂടി വരാൻ നിർവാഹമില്ല. ഈ സ്ഥലത്തുവെച്ചു താങ്കളോടുകൂടി അപ്പം തിന്നുന്നതിനോ വെള്ളം കുടിക്കുന്നതിനോ എനിക്കു സാധ്യവുമല്ല. 17‘നീ അവിടെവെച്ച് അപ്പം തിന്നരുത്; വെള്ളം കുടിക്കരുത്; പോയവഴിയായി മടങ്ങിവരികയുമരുത്,’ എന്നാണ് എനിക്കു ലഭിച്ചിട്ടുള്ള യഹോവയുടെ കൽപ്പന.”

18അതിനു വൃദ്ധനായ പ്രവാചകൻ ദൈവപുരുഷനോട്: “താങ്കളെപ്പോലെതന്നെ ഞാനും ഒരു പ്രവാചകനാണ്. ‘അവനെ നിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരിക, അവൻ അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യട്ടെ’ എന്ന് യഹോവയുടെ അരുളപ്പാടായി ഒരു ദൈവദൂതൻ എന്നോടു പറഞ്ഞു,” എന്നു മറുപടി പറഞ്ഞു. എന്നാൽ, ആ വൃദ്ധനായ പ്രവാചകൻ കളവ് പറയുകയായിരുന്നു. 19അതിനാൽ, ആ ദൈവപുരുഷൻ അദ്ദേഹത്തോടൊപ്പം മടങ്ങിച്ചെന്ന് അദ്ദേഹത്തിന്റെ ഭവനത്തിൽനിന്ന് തിന്നുകയും കുടിക്കുകയും ചെയ്തു.

20അവർ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, അദ്ദേഹത്തെ തിരികെ വിളിച്ചുകൊണ്ടുവന്ന വൃദ്ധനായ പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായി. 21യെഹൂദ്യയിൽനിന്നും വന്ന ദൈവപുരുഷനോടായി അദ്ദേഹം വിളിച്ചുപറഞ്ഞു: “ഇതാ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘താങ്കൾ യഹോവയുടെ വചനം ധിക്കരിച്ചിരിക്കുന്നു; താങ്കളുടെ ദൈവമായ യഹോവ താങ്കൾക്കുതന്ന കൽപ്പന പ്രമാണിച്ചതുമില്ല. 22അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്യരുതെന്ന് യഹോവ കൽപ്പിച്ച സ്ഥലത്തേക്കുതന്നെ താങ്കൾ തിരിച്ചുവരികയും അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ, താങ്കളുടെ മൃതശരീരം താങ്കളുടെ പിതാക്കന്മാരുടെ കല്ലറയിൽ സംസ്കരിക്കപ്പെടുകയില്ല.’ ”

23ദൈവപുരുഷൻ ഭക്ഷിച്ചുപാനംചെയ്തു കഴിഞ്ഞപ്പോൾ, അദ്ദേഹത്തെ മടക്കിക്കൊണ്ടുവന്ന വൃദ്ധനായ പ്രവാചകൻ അദ്ദേഹത്തിനുവേണ്ടി തന്റെ കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു. 24ദൈവപുരുഷൻ മടങ്ങിപ്പോകുമ്പോൾ ഒരു സിംഹം വഴിയിൽവെച്ച് അദ്ദേഹത്തെ കൊന്നുകളഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം വഴിയരികിൽ കിടന്നിരുന്നു; സിംഹവും കഴുതയും അരികത്തുതന്നെ നിന്നിരുന്നു. 25വഴിയാത്രക്കാരിൽ ചിലർ മൃതദേഹം വഴിയിൽ കിടക്കുന്നതും സിംഹം അതിനരികെ നിൽക്കുന്നതും കണ്ടിട്ട് വൃദ്ധനായ പ്രവാചകൻ താമസിച്ചിരുന്ന നഗരത്തിൽച്ചെന്ന് വിവരം അറിയിച്ചു.

26അയാളെ വഴിയിൽനിന്നു മടക്കിക്കൊണ്ടുവന്ന വൃദ്ധപ്രവാചകൻ ഇതു കേട്ടപ്പോൾ പറഞ്ഞു: “യഹോവയുടെ വാക്കിനെ ധിക്കരിച്ചത് ആ ദൈവപുരുഷനാണ്. യഹോവ അദ്ദേഹത്തെ സിംഹത്തിന് ഏൽപ്പിച്ചുകൊടുത്തു. യഹോവയുടെ വചനംപോലെതന്നെ സിംഹം അദ്ദേഹത്തെ കീറിക്കളഞ്ഞു.”

27“എന്റെ കഴുതയ്ക്കു കോപ്പിട്ടുതരിക,” എന്ന് വൃദ്ധപ്രവാചകൻ തന്റെ പുത്രന്മാരോടു പറഞ്ഞു. അവർ അപ്രകാരം ചെയ്തുകൊടുത്തു. 28അദ്ദേഹം പുറപ്പെട്ടുചെല്ലുമ്പോൾ ദൈവപുരുഷന്റെ മൃതദേഹം വഴിയിൽ കിടക്കുന്നതും സിംഹവും കഴുതയും അതിന്റെ അരികിൽ നിൽക്കുന്നതും കണ്ടു. സിംഹം ആ മൃതദേഹം തിന്നുകയോ കഴുതയെ ആക്രമിക്കുകയോ ചെയ്തിരുന്നില്ല. 29പ്രവാചകൻ ആ ദൈവപുരുഷന്റെ മൃതശരീരമെടുത്തു കഴുതപ്പുറത്തുകിടത്തി. മൃതദേഹം സംസ്കരിക്കുന്നതിനും ദുഃഖാചരണത്തിനുമായി അദ്ദേഹം അതു തന്റെ സ്വന്തം പട്ടണത്തിലേക്കു കൊണ്ടുവന്നു. 30ആ മൃതദേഹം അദ്ദേഹം തന്റെ സ്വന്തം കല്ലറയിൽ സംസ്കരിച്ചു; “അയ്യോ! എന്റെ സഹോദരാ!” എന്നു പറഞ്ഞ് അവർ അദ്ദേഹത്തിനുവേണ്ടി വിലപിച്ചു.

31അദ്ദേഹത്തെ സംസ്കരിച്ചശേഷം വൃദ്ധപ്രവാചകൻ തന്റെ പുത്രന്മാരോടു പറഞ്ഞു: “ഞാൻ മരിക്കുമ്പോൾ എന്റെ ശരീരവും ആ ദൈവപുരുഷനെ വെച്ച കല്ലറയിൽത്തന്നെ സംസ്കരിക്കണം; എന്റെ അസ്ഥികൾ അദ്ദേഹത്തിന്റെ അസ്ഥികൾക്കരികെതന്നെ നിക്ഷേപിക്കേണം. 32യഹോവയുടെ കൽപ്പനപ്രകാരം ബേഥേലിലെ യാഗപീഠത്തിനും ശമര്യാനഗരങ്ങളിലെ മലകളിലുള്ള ക്ഷേത്രങ്ങൾക്കുമെതിരായി അദ്ദേഹം പ്രഖ്യാപിച്ച വചനങ്ങൾ തീർച്ചയായും സംഭവിക്കും.”

33ഈ സംഭവത്തിനുശേഷവും യൊരോബെയാം തന്റെ ദുർമാർഗങ്ങളിൽനിന്നു പിന്തിരിഞ്ഞില്ല. അദ്ദേഹം പിന്നെയും സർവജനങ്ങളിൽനിന്നും യാഗമർപ്പിച്ചുവന്നിരുന്ന ക്ഷേത്രങ്ങളിലേക്ക് പുരോഹിതന്മാരെ നിയമിച്ചു. പുരോഹിതജോലി ആഗ്രഹിച്ചിരുന്നവരെയെല്ലാം അദ്ദേഹം ഇത്തരം ക്ഷേത്രങ്ങളിലേക്ക് വേർതിരിച്ചു. 34യൊരോബെയാംരാജവംശത്തിന്റെ പതനത്തിനും അവർ ഭൂമുഖത്തുനിന്നു നശിപ്പിക്കപ്പെടുന്നതിനും കാരണമായിത്തീർന്ന പാപം ഇതായിരുന്നു.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.