‏ 1 Corinthians 8

വിഗ്രഹാർപ്പിതഭക്ഷണം

1ഇനി വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണത്തെക്കുറിച്ച്: “നാം എല്ലാവരും ജ്ഞാനമുള്ളവരാണെന്നാണ്” നമ്മുടെ അറിവ്. ഈ ജ്ഞാനം ഒരാളെ നിഗളിയാക്കിത്തീർക്കുന്നു; സ്നേഹമോ ആത്മികാഭിവൃദ്ധി വരുത്തുന്നു. 2എനിക്കു ജ്ഞാനമുണ്ട് എന്നു വിചാരിക്കുന്നവർ വേണ്ടവണ്ണമുള്ള ജ്ഞാനം ഇനിയും നേടിയിട്ടില്ല. 3എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവരെ ദൈവം അറിഞ്ഞിരിക്കുന്നു.

4വിഗ്രഹങ്ങൾക്കർപ്പിക്കപ്പെട്ട ഭക്ഷണത്തെപ്പറ്റി പറഞ്ഞാൽ, “ലോകത്തിലുള്ള ഒരു വിഗ്രഹവും ദൈവമല്ല”
മൂ.ഭാ. വിഗ്രഹം ഒന്നുമില്ല
എന്നും “ഏകദൈവമല്ലാതെ മറ്റു ദൈവങ്ങളില്ല” എന്നും നാം അറിയുന്നു.
5ആകാശത്തിലും ഭൂമിയിലും “ദേവന്മാർ” എന്നു പറയപ്പെടുന്ന പലരുണ്ട്; “ദൈവങ്ങളും കർത്താക്കളും” ധാരാളമുണ്ടല്ലോ. 6എന്നാൽ എല്ലാറ്റിന്റെയും പ്രഭവസ്ഥാനമായ പിതാവായ ഏകദൈവംമാത്രമേ നമുക്കുള്ളൂ. അവിടത്തേക്കുവേണ്ടിയാണ് നാം ജീവിക്കുന്നത്; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട്. ആ കർത്താവിലൂടെയാണ് സകലതും ഉണ്ടായത്; ആ കർത്താവിലൂടെയാണ് നാം ജീവിക്കുന്നതും.

7എന്നാൽ ഈ ജ്ഞാനം എല്ലാവർക്കും ഇല്ല. ചിലർക്കു വിഗ്രഹങ്ങളോടുള്ള പരിചയംനിമിത്തം അവയ്ക്കു നേദിച്ച ഭക്ഷണം കഴിക്കുമ്പോൾ, “ഇത് വിഗ്രഹാർപ്പിതം ആണല്ലോ” എന്ന ചിന്ത ഇപ്പോഴും ഉണ്ടാകുന്നു. അവരുടെ മനസ്സാക്ഷി ദുർബലമായതുകൊണ്ട് മലിനപ്പെടുകയുംചെയ്യുന്നു. 8ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല; തിന്നാതിരുന്നാൽ ദോഷമോ തിന്നാൽ കൂടുതൽ പ്രയോജനമോ ഉണ്ടാകുന്നുമില്ല.

9എന്നാൽ, നിങ്ങൾക്കുള്ള ഈ സ്വാതന്ത്ര്യം ഒരുവിധത്തിലും ബലഹീനർക്കു വിലങ്ങുതടിയാകാതെ സൂക്ഷിക്കുക. 10ജ്ഞാനമുള്ള നീ ക്ഷേത്രത്തിൽ ഇരുന്നു ഭക്ഷിക്കുന്നതു കാണുമ്പോൾ, ബലഹീനമനസ്സാക്ഷിയുള്ളവരും വിഗ്രഹാർപ്പിതം ഭക്ഷിക്കാൻ ധൈര്യപ്പെടുകയില്ലേ? 11ക്രിസ്തു ഏത് ബലഹീന സഹോദരനോ സഹോദരിക്കോ വേണ്ടി മരിച്ചുവോ അയാൾ ഇങ്ങനെ നിന്റെ ജ്ഞാനത്താൽ, നശിച്ചുപോകാനിടയാകുന്നു. 12ഈ വിധത്തിൽ, സഹോദരങ്ങൾക്കെതിരായി പാപംചെയ്ത് അവരുടെ ബലഹീനമനസ്സാക്ഷിയെ മുറിപ്പെടുത്തുമ്പോൾ, നിങ്ങൾ ക്രിസ്തുവിനു വിരോധമായി പാപംചെയ്യുന്നു. 13അതുകൊണ്ട് എന്റെ ഭക്ഷണംനിമിത്തം സഹോദരൻ പാപത്തിൽ വീഴുന്നെങ്കിൽ ഞാൻ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല; അവന്റെ വീഴ്ചയ്ക്കു ഞാൻ കാരണക്കാരനാകരുതല്ലോ.

Copyright information for MalMCV