1 Corinthians 4
ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ
1അതുകൊണ്ട് ക്രിസ്തുവിന്റെ ശുശ്രൂഷകരും ദൈവികരഹസ്യങ്ങളുടെ കാര്യസ്ഥന്മാരും എന്നനിലയിലാണ് എല്ലാവരും ഞങ്ങളെ പരിഗണിക്കേണ്ടത്. 2വിശ്വാസ്യതയാണ് കാര്യസ്ഥരിൽ അവശ്യം കാണേണ്ട സദ്ഗുണം. 3നിങ്ങളോ ഏതെങ്കിലും മാനുഷികകോടതിയൊ എന്നെ വിസ്തരിച്ചാൽ അതെനിക്ക് ഒരു നിസ്സാരകാര്യം. വാസ്തവത്തിൽ ഞാൻതന്നെയും എന്നെ വിധിക്കുന്നില്ല. 4എനിക്കു യാതൊന്നിനെപ്പറ്റിയും കുറ്റബോധമില്ല, എന്നാൽ അതുകൊണ്ടു ഞാൻ കുറ്റമില്ലാത്തവൻ എന്നു വരുന്നില്ല. എന്നെ വിധിക്കുന്നത് കർത്താവാണ്. 5ആകയാൽ, സമയത്തിനുമുമ്പേ, കർത്താവ് വരുന്നതുവരെ, ഒന്നിനെയും വിധിക്കരുത്; അവിടന്ന് ഇരുളിൽ മറഞ്ഞിരിക്കുന്നത് വെളിച്ചത്തിലാക്കുകയും മനുഷ്യഹൃദയങ്ങളിലെ ഉദ്ദേശ്യങ്ങൾ തുറന്നുകാട്ടുകയും ചെയ്യും. അപ്പോൾ ഓരോരുത്തർക്കും ദൈവത്തിൽനിന്നുള്ള അഭിനന്ദനം ലഭിക്കും.6സഹോദരങ്ങളേ, ഇവയെല്ലാം എന്നെയും അപ്പൊല്ലോസിനെയും ഉദാഹരണമാക്കി ഞാൻ പറഞ്ഞത്, അതു നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ്; “എഴുതിയിരിക്കുന്നതിനപ്പുറം പോകരുത്” എന്നു പറയുന്നതിന്റെ സാരം നിങ്ങൾ ഞങ്ങളിൽനിന്ന് ▼
▼അതായത്, ഞങ്ങളുടെ ജീവിതങ്ങൾ കണ്ട്
പഠിക്കേണ്ടതിനുതന്നെ. അപ്പോൾ നിങ്ങൾ ഒരാൾക്കെതിരേ വേറൊരാളിന്റെ അനുയായി ആയിരിക്കുന്നതെപ്പറ്റി അഹങ്കരിക്കുകയില്ല. 7നിങ്ങളെ മറ്റുള്ളവരിൽനിന്ന് വിശിഷ്ടരാക്കുന്നത് ആര്? മറ്റൊരാൾ നൽകിയതല്ലാതെ നിങ്ങൾക്ക് എന്താണുള്ളത്? നൽകപ്പെട്ടവയെങ്കിൽ, അങ്ങനെ അല്ല എന്ന ഭാവത്തിൽ അഹങ്കരിക്കുന്നത് എന്തിന്? 8ഇപ്പോൾത്തന്നെ നിങ്ങൾ എല്ലാം തികഞ്ഞവരായിരിക്കുന്നു! നിങ്ങൾ സമ്പന്നരായിക്കഴിഞ്ഞിരിക്കുന്നു! നിങ്ങൾ വാഴുന്നവരായി, അതും ഞങ്ങളുടെ സഹായംകൂടാതെ! നിങ്ങൾ യഥാർഥത്തിൽ രാജാക്കന്മാർ ആയിരുന്നെങ്കിൽ ഞങ്ങൾക്കും നിങ്ങളോടുകൂടെ വാഴാൻ കഴിയുമായിരുന്നല്ലോ! 9അപ്പൊസ്തലന്മാരായ ഞങ്ങളെ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെയെന്നപോലെ ഘോഷയാത്രയുടെ ഒടുവിലത്തെ നിരയിൽ ദൈവം പ്രദർശനത്തിനു നിർത്തിയിരിക്കുകയാണെന്ന് എനിക്കു തോന്നിപ്പോകുന്നു. ലോകത്തിനുമുഴുവൻ; ദൈവദൂതർക്കും മനുഷ്യർക്കും ഒരുപോലെ ഞങ്ങൾ തമാശക്കാഴ്ചയായിത്തീർന്നിരിക്കുന്നു. 10ഞങ്ങൾ ക്രിസ്തുവിനുവേണ്ടി ഭോഷന്മാർ; നിങ്ങളോ ക്രിസ്തുവിൽ ജ്ഞാനികൾ! ഞങ്ങൾ ബലഹീനർ, നിങ്ങളോ ബലശാലികൾ! നിങ്ങൾക്കു ബഹുമാനം, ഞങ്ങൾക്കോ അപമാനം! 11ഈ നിമിഷംവരെയും ഞങ്ങൾ വിശന്നും ദാഹിച്ചും വസ്ത്രമില്ലാതെയും മൃഗീയമായ പീഡനമേറ്റും പാർപ്പിടമില്ലാതെയും കഴിയുന്നു. 12ഞങ്ങൾ സ്വന്തം കൈയാൽ അധ്വാനിക്കുന്നു. ശാപമേൽക്കുമ്പോഴും ആശീർവദിക്കുന്നു; ഉപദ്രവമേറ്റിട്ട് സഹിക്കുന്നു; 13ദുഷിക്കപ്പെടുമ്പോഴും ദയാപൂർവം മറുപടി പറയുന്നു. ഈ നിമിഷംവരെയും ഞങ്ങൾ ഭൂമിയുടെ ചവറും ലോകത്തിന്റെ മാലിന്യവും ആയിരിക്കുന്നു.
പൗലോസിന്റെ അപേക്ഷയും മുന്നറിയിപ്പും
14നിങ്ങളെ ലജ്ജിപ്പിക്കാനല്ല ഞാൻ ഇതു നിങ്ങൾക്കെഴുതുന്നത്, എന്റെ പ്രിയമക്കളെന്നപോലെ മുന്നറിയിപ്പു നൽകാനാണ്. 15നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം രക്ഷാകർത്താക്കൾ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; സുവിശേഷംമുഖേന ക്രിസ്തുയേശുവിൽ ഞാൻ നിങ്ങൾക്കു പിതാവായിരിക്കുന്നു. 16ആകയാൽ എന്നെ അനുകരിക്കണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. 17ഇതിനായിട്ടാണ് കർത്താവിൽ വിശ്വസ്തനും എന്റെ പ്രിയമകനുമായ തിമോത്തിയോസിനെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്. ഞാൻ എല്ലായിടത്തും എല്ലാ സഭകളിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുയേശുവിലുള്ള എന്റെ വഴികൾ ▼▼അതായത്, ക്രിസ്തുവിനെ ഞാൻ അനുകരിക്കുന്നത്
അദ്ദേഹം നിങ്ങളുടെ ഓർമയിൽ കൊണ്ടുവരും. 18ഞാൻ നിങ്ങളുടെ അടുക്കൽ വരികയില്ല എന്നുകരുതി നിങ്ങളിൽ ചിലർ അഹങ്കരിച്ചിരിക്കുന്നു. 19എന്നാൽ കർത്താവിനു ഹിതമായാൽ ഞാൻ എത്രയുംവേഗം നിങ്ങളുടെ അടുക്കൽവരും. അപ്പോൾ, ഈ ഗർവിഷ്ഠന്മാരുടെ വാക്കുകൾമാത്രമല്ല, അവർക്ക് എത്ര ശക്തിയുണ്ടെന്നും ഞാൻ നേരിട്ടു കണ്ട് മനസ്സിലാക്കും! 20ദൈവരാജ്യം കേവലം വാക്കുകളിലല്ല, ശക്തിയിലാണ് അധിഷ്ഠിതമായിരിക്കുന്നത്. 21നിങ്ങൾക്ക് എന്താണ് അഭികാമ്യം? ഒരു വടിയുമായിട്ടു വേണമോ ഞാൻ നിങ്ങളുടെ അടുക്കൽ വരേണ്ടത്, അതോ സ്നേഹത്തിലും സൗമ്യതയുടെ ആത്മാവിലുമോ?
Copyright information for
MalMCV