‏ 1 Corinthians 11

1ഞാൻ ക്രിസ്തുവിന്റെ മാതൃക പിൻതുടരുന്നതുപോലെ നിങ്ങൾ എന്റെ മാതൃകയും പിൻതുടരുക.

ആരാധനയിൽ ശിരോവസ്ത്രം

2നിങ്ങൾ എല്ലാ കാര്യങ്ങളിലും എന്നെ ഓർക്കുന്നതുകൊണ്ടും ഞാൻ നിങ്ങൾക്ക് ഏൽപ്പിച്ചുതന്ന ഉപദേശങ്ങൾ കർശനമായി പാലിക്കുന്നതുകൊണ്ടും ഞാൻ നിങ്ങളെ അനുമോദിക്കുന്നു. 3പുരുഷന്റെ ശിരസ്സ് ക്രിസ്തു; സ്ത്രീയുടെ ശിരസ്സ് പുരുഷൻ;
അഥവാ, അവളുടെ ഭർത്താവ്
ക്രിസ്തുവിന്റെ ശിരസ്സ് ദൈവം. ഇതു നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
4ശിരോവസ്ത്രം ധരിച്ചുകൊണ്ടു പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന പുരുഷൻ തന്റെ ശിരസ്സിനെ അപമാനിക്കുന്നു. 5ശിരോവസ്ത്രം ധരിക്കാതെ ഒരു സ്ത്രീ പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്താൽ അവൾ തന്റെ ശിരസ്സിനെ അപമാനിക്കുന്നു; അതു മുണ്ഡനം ചെയ്യുന്നതിനു തുല്യമാണ്. 6ശിരോവസ്ത്രം ധരിക്കാൻ വിസമ്മതിക്കുന്ന സ്ത്രീ മുടി മുറിച്ചുകളയട്ടെ. മുടി മുറിച്ചുകളയുന്നതോ തലമുണ്ഡനം ചെയ്യുന്നതോ തനിക്കു ലജ്ജാകരമെന്ന് ഒരു സ്ത്രീക്കു തോന്നുന്നെങ്കിൽ അവൾ നിർബന്ധമായും ശിരോവസ്ത്രം ധരിക്കണം.

7പുരുഷൻ ദൈവത്തിന്റെ പ്രതിരൂപവും തേജസ്സും ആകയാൽ ശിരസ്സു മറയ്ക്കേണ്ടതില്ല; എന്നാൽ സ്ത്രീയോ പുരുഷന്റെ തേജസ്സാണ്.
ദൈവസന്നിധിയിൽ മനുഷ്യന്റെ തേജസ്സ് മൂടപ്പെടുകയും ദൈവത്തിന്റെ തേജസ്സ് വെളിപ്പെടുത്തപ്പെടുകയും ചെയ്യേണ്ടതാണ്.
8കാരണം പുരുഷൻ സ്ത്രീയിൽനിന്നല്ല, സ്ത്രീ പുരുഷനിൽനിന്നാണ് ഉണ്ടായത്;
ആദ്യമനുഷ്യരായ ആദമിന്റെയും ഹവ്വയുടെയും കാര്യമാണ് ഇവിടെ വിവക്ഷ.
9പുരുഷൻ സ്ത്രീക്കുവേണ്ടിയല്ല, സ്ത്രീ പുരുഷനുവേണ്ടിയാണു സൃഷ്ടിക്കപ്പെട്ടത്. 10ഈ കാരണത്താലും ദൂതന്മാർനിമിത്തവും സ്ത്രീയുടെ ശിരസ്സിൽ ഒരു അധികാരചിഹ്നം ഉണ്ടായിരിക്കേണ്ടതാണ്. 11എങ്കിലും കർത്താവിൽ, പുരുഷനെക്കൂടാതെ സ്ത്രീയില്ല, സ്ത്രീയെക്കൂടാതെ പുരുഷനുമില്ല. 12സ്ത്രീ പുരുഷനിൽനിന്ന് ഉളവായതുപോലെ പുരുഷൻ സ്ത്രീയിൽനിന്നു ജനിക്കുന്നു. എന്നാൽ എല്ലാറ്റിന്റെയും ഉത്ഭവസ്ഥാനം ദൈവംതന്നെ.

13നിങ്ങൾതന്നെ ചിന്തിക്കുക: സ്ത്രീ ശിരോവസ്ത്രം ധരിക്കാതെ ദൈവത്തോടു പ്രാർഥിക്കുന്നതു ഉചിതമോ? 14 15നീണ്ടമുടി ഉണ്ടായിരിക്കുന്നതു പുരുഷന് അപമാനമാണെന്നും സ്ത്രീക്ക് അത് അഭിമാനകരമെന്നും പ്രകൃതിതന്നെ വ്യക്തമാക്കുന്നില്ലേ? നീണ്ടമുടി സ്ത്രീക്കു മൂടുപടംപോലെ നൽകപ്പെട്ടിരിക്കുന്നു. 16ഇതിനെപ്പറ്റി ആരെങ്കിലും തർക്കിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇതിൽനിന്ന് വ്യത്യസ്തമായ ഒരു കീഴ്വഴക്കം ഞങ്ങൾക്കില്ല, ദൈവസഭകൾക്കും ഇല്ലായെന്നുമാത്രമേ എനിക്കു പറയാനുള്ളൂ.

കർത്താവിന്റെ അത്താഴം

17നിങ്ങളെ പ്രശംസിച്ചുകൊണ്ടല്ല ഞാൻ ഇനിയുള്ള നിർദേശങ്ങൾ നൽകുന്നത്. കാരണം, നിങ്ങളുടെ യോഗങ്ങൾ ഗുണത്തെക്കാൾ അധികം ദോഷം ചെയ്യുന്നു. 18ഒന്നാമത്, നിങ്ങളുടെ സഭായോഗങ്ങളിൽ ഭിന്നതകൾ ഉള്ളതായി ഞാൻ കേൾക്കുന്നു; ഒരു പരിധിവരെ ഞാനത് വിശ്വസിക്കുകയുംചെയ്യുന്നു. 19നിങ്ങളുടെ ഇടയിൽ ദൈവത്താൽ അംഗീകരിക്കപ്പെട്ടവർ ആരെന്നു വ്യക്തമാകേണ്ടതിന് ഭിന്നതകൾ ഉണ്ടാകേണ്ടതാണ്. 20നിങ്ങൾ സമ്മേളിക്കുമ്പോൾ കർത്താവിന്റെ അത്താഴത്തിലല്ല നിങ്ങൾ പങ്കുകാരാകുന്നത്; 21കാരണം ഓരോരുത്തരും മറ്റാർക്കുംവേണ്ടി കാത്തുനിൽക്കാതെ ഭക്ഷണം കഴിക്കുന്നു. ഒരാൾ വിശന്നിരിക്കുമ്പോൾ മറ്റൊരാൾ കുടിച്ചു മദിച്ചിരിക്കുന്നു. 22തിന്നാനും കുടിക്കാനും നിങ്ങൾക്കു വീടുകൾ ഇല്ലേ? നിങ്ങൾ ദൈവസഭയോട് അനാദരവ് കാട്ടുകയും ദരിദ്രരെ നിന്ദിക്കുകയുംചെയ്യുന്നോ? എന്താണു നിങ്ങളോടു ഞാൻ പറയേണ്ടത്? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തണോ? സാധ്യമല്ല.

23ഇതാണ് ഞാൻ കർത്താവിൽനിന്ന് പ്രാപിച്ച് നിങ്ങൾക്ക് ഏൽപ്പിച്ചുതന്നത്: കർത്താവായ യേശു ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ, അവിടന്ന് അപ്പം എടുത്ത് 24സ്തോത്രംചെയ്ത്, നുറുക്കി “ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു. 25അതുപോലെതന്നെ, അവിടന്ന് അത്താഴത്തിനുശേഷം പാനപാത്രം എടുത്ത്, “ഈ പാനപാത്രം എന്റെ രക്തത്തിലുള്ള ശ്രേഷ്ഠമായ ഉടമ്പടി, ഇതു പാനംചെയ്യുമ്പോഴൊക്കെയും എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു. 26നിങ്ങൾ ഈ അപ്പം ഭക്ഷിക്കുയും ഈ പാനപാത്രത്തിൽനിന്ന് കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുന്നതുവരെയും അവിടത്തെ മരണത്തെ പ്രഖ്യാപിക്കുന്നു.

27അതുകൊണ്ട്, അയോഗ്യമായി അപ്പം ഭക്ഷിക്കുകയോ കർത്താവിന്റെ പാനപാത്രത്തിൽനിന്ന് കുടിക്കുകയോ ചെയ്യുന്നവർ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും വിരുദ്ധമായി കുറ്റംചെയ്യുന്നു. 28ഓരോരുത്തരും തന്നെത്താൻ പരിശോധിച്ചിട്ടുവേണം അപ്പം ഭക്ഷിക്കുകയും പാനപാത്രത്തിൽനിന്ന് കുടിക്കുകയും ചെയ്യേണ്ടത്. 29ആരെങ്കിലും കർത്താവിന്റെ ശരീരത്തെ വിവേചിക്കാതെ
അതായത്, കർത്താവിന്റെ ശരീരത്തിന്റെ പവിത്രത പരിഗണിക്കാതെ തിരുവത്താഴത്തിൽ പങ്കെടുക്കുന്നവർ.
ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്താൽ അയാൾ സ്വന്തം ശിക്ഷാവിധിതന്നെ ഭക്ഷിക്കുകയും പാനംചെയ്യുകയുമാണ് ചെയ്യുന്നത്.
30ഇക്കാരണത്താലാണ് നിങ്ങളിൽ പലരും ദുർബലരും രോഗികളും ആയിരിക്കുന്നത്. ചിലർ മരണമടയുകയും ചെയ്തിരിക്കുന്നു. 31നാം നമ്മെത്തന്നെ വിധിക്കുന്നെങ്കിൽ നാം വിധിക്കപ്പെടുകയില്ല. 32നാം ലോകത്തോടൊപ്പം ന്യായവിധിയിൽ അകപ്പെടാതിരിക്കാനായി ഒരു പിതാവ് മക്കളെ എന്നപോലെ ശിക്ഷിക്കുന്നതാണ് കർത്താവ് നമുക്ക് ഇപ്പോൾ നൽകുന്ന ന്യായവിധി.

33അതുകൊണ്ട് എന്റെ സഹോദരങ്ങളേ, നിങ്ങൾ ഭക്ഷിക്കാനായി ഒരുമിച്ചുകൂടുമ്പോൾ എല്ലാവരും വന്നുചേരാനായി കാത്തിരിക്കുക. 34നിങ്ങൾ ഒരുമിച്ചുചേരുമ്പോൾ ശിക്ഷാവിധി വരാതിരിക്കാനായി നിങ്ങളിൽ വിശപ്പുള്ളവർ വീട്ടിൽവെച്ചു ഭക്ഷണം കഴിച്ചുകൊള്ളണം.

ശേഷം കാര്യങ്ങൾ ഞാൻ വരുമ്പോൾ ക്രമീകരിച്ചുകൊള്ളാം.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.