‏ 1 Chronicles 28

ദൈവാലയത്തിനുവേണ്ടി ദാവീദുണ്ടാക്കിയ ക്രമീകരണം

1ഇസ്രായേലിലെ സകല അധിപതികളും ജെറുശലേമിൽ ഒരുമിച്ചുകൂടുന്നതിന് ദാവീദ് സന്ദേശമയച്ചു: ഗോത്രാധിപന്മാർ, രാജസേവനത്തിലുള്ള സേനാഗണങ്ങളുടെ അധിപന്മാർ, സഹസ്രാധിപന്മാർ, ശതാധിപന്മാർ, രാജാവിന്റെയും പുത്രന്മാരുടെയും സ്വത്തുക്കൾക്കും കന്നുകാലിസമ്പത്തുക്കൾക്കും ചുമതലക്കാർ, കൊട്ടാരം മേൽവിചാരകന്മാർ, വീരന്മാർ, പരാക്രമശാലികളായ മറ്റുള്ളവർ എന്നിങ്ങനെയുള്ള എല്ലാവരെയും അദ്ദേഹം കൂട്ടിവരുത്തി.

2ദാവീദ് രാജാവ് എഴുന്നേറ്റുനിന്ന് ഇപ്രകാരം പറഞ്ഞു: “എന്റെ ജനവും എന്റെ സഹോദരന്മാരുമേ, ശ്രദ്ധിക്കുക! യഹോവയുടെ ഉടമ്പടിയുടെ പേടകത്തിന് ഒരു വിശ്രമസങ്കേതമായും നമ്മുടെ ദൈവത്തിനു പാദപീഠമായും ഒരു ആലയം പണിയണമെന്ന് ഞാൻ ഹൃദയപൂർവം ആഗ്രഹിച്ചിരുന്നു. അതു പണിയുന്നതിനുള്ള പദ്ധതികളും ഞാൻ ആവിഷ്ക്കരിച്ചു. 3എന്നാൽ ദൈവം എന്നോട് അരുളിച്ചെയ്തു: ‘എന്റെ നാമത്തിന് ഒരു ആലയം പണിയേണ്ടതു നീയല്ല; കാരണം നീ ഒരു യോദ്ധാവാണ്, രക്തവും ചിന്തിയിട്ടുണ്ട്!’

4“എന്നിരുന്നാലും ഇസ്രായേലിന്റെ ദൈവമായ യഹോവ, ഇസ്രായേലിന് എന്നേക്കും രാജാവായിരിക്കേണ്ടതിന്, എന്റെ സകലകുലത്തിൽനിന്നും എന്നെ തെരഞ്ഞെടുത്തു. അവിടന്ന് നേതൃസ്ഥാനത്തേക്ക് യെഹൂദാഗോത്രത്തെയും ആ ഗോത്രത്തിൽവെച്ച് എന്റെ ഭവനത്തെയും തെരഞ്ഞെടുത്തു: കൂടാതെ എന്റെ പിതാവിന്റെ മക്കളിൽവെച്ച് എന്നെ, സകല ഇസ്രായേലിനും രാജാവാക്കുന്നതിനു പ്രസാദിക്കുകയും ചെയ്തു. 5എന്റെ സകലപുത്രന്മാരിലുംവെച്ച്—യഹോവ എനിക്ക് അനവധി പുത്രന്മാരെ നൽകിയിട്ടുണ്ട്—അവിടന്ന് എന്റെ മകനായ ശലോമോനെ, ഇസ്രായേലിന്മേൽ, യഹോവയുടെ രാജസിംഹാസനത്തിൽ ഇരിക്കുന്നതിനു തെരഞ്ഞെടുത്തിരിക്കുന്നു, 6യഹോവ എന്നോടു കൽപ്പിച്ചു: ‘എന്റെ ആലയവും അങ്കണങ്ങളും പണിയേണ്ട വ്യക്തി നിന്റെ മകനായ ശലോമോൻതന്നെയാണ്; എന്തെന്നാൽ ഞാൻ അവനെ എന്റെ മകനായിരിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവനു പിതാവായിരിക്കുകയും ചെയ്യും. 7അവൻ, ഇന്നു ചെയ്യുന്നതുപോലെ, എന്റെ പ്രമാണങ്ങളും ചട്ടങ്ങളും അനുസരിക്കുന്ന കാര്യത്തിൽ ദൃഢചിത്തനായിരിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കുമായി സുസ്ഥിരമാക്കും.’

8“ആകയാൽ ഇപ്പോൾ എല്ലാ ഇസ്രായേലും യഹോവയുടെ സർവസഭയും കാൺകെയും നമ്മുടെ ദൈവം കേൾക്കെയും ഞാൻ ഇതു പറയുന്നു: നിങ്ങൾ ഈ നല്ലദേശം സ്വന്തമാക്കി അനുഭവിക്കുകയും നിങ്ങളുടെ കാലശേഷം നിങ്ങളുടെ സന്തതികൾക്ക് അതു ശാശ്വതാവകാശമായി കൊടുക്കുകയും ചെയ്യേണ്ടതിന്, നിങ്ങളുടെ ദൈവമായ യഹോവയുടെ പ്രമാണങ്ങളെ അനുസരിക്കുന്ന കാര്യത്തിൽ ഏറ്റവും ജാഗരൂകരായിരിക്കുക!

9“ആകയാൽ ഇപ്പോൾ എന്റെ മകനേ, ശലോമോനേ, നിന്റെ പിതാവിന്റെ ദൈവത്തെ അറിയുക! സമ്പൂർണ ഹൃദയസമർപ്പണത്തോടും ദൃഢചിത്തതയോടുംകൂടി അവിടത്തെ സേവിക്കുക! കാരണം യഹോവ ഓരോ ചിന്തയ്ക്കും പിന്നിലുള്ള നിനവുകളെ ഗ്രഹിക്കുന്നു. നീ അവിടത്തെ അന്വേഷിക്കുമെങ്കിൽ അവിടത്തെ കണ്ടെത്തും. എന്നാൽ നീ അവിടത്തെ പരിത്യജിച്ചാൽ അവിടന്നു നിന്നെ എന്നേക്കുമായി തള്ളിക്കളയും. 10ഇതാ! ഇതും ചിന്തിക്കുക! വിശുദ്ധമന്ദിരമായി ഒരാലയം പണിയുന്നതിനു യഹോവ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതു ധൈര്യസമേതം നിർവഹിക്കുക!”

11പിന്നെ ദാവീദ് ദൈവാലയത്തിന്റെ പൂമുഖം, അതിനോടുചേർന്നുള്ള നിർമിതികൾ, ഭണ്ഡാരഗൃഹങ്ങൾ, മാളികമുറികൾ, അതിന്റെ അകത്തളങ്ങൾ, പാപനിവാരണസ്ഥാനം എന്നിവയുടെ മാതൃക ശലോമോനെ ഏൽപ്പിച്ചു. 12യഹോവയുടെ ആലയത്തിന്റെ തിരുമുറ്റങ്ങൾ, ചുറ്റുമുള്ള മുറികൾ, ദൈവാലയസ്വത്തുക്കൾക്കുള്ള ഭണ്ഡാരങ്ങൾ, സമർപ്പിതവസ്തുക്കൾക്കുള്ള ഭണ്ഡാരങ്ങൾ, ഇവയെപ്പറ്റിയെല്ലാം ദൈവാത്മാവ് ദാവീദിന്റെ മനസ്സിൽ തോന്നിച്ചതിന്റെ മുഴുവൻ മാതൃകയും അദ്ദേഹം ശലോമോനു കൊടുത്തു. 13പുരോഹിതന്മാരുടെയും ലേവ്യരുടെയും ഗണങ്ങൾ, യഹോവയുടെ ആലയത്തിലെ എല്ലാവിധത്തിലുമുള്ള ശുശ്രൂഷാജോലികൾ, അതുപോലെതന്നെ ഈ ശുശ്രൂഷകളിൽ ഉപയോഗിക്കേണ്ട പാത്രങ്ങൾ ഇവയെപ്പറ്റിയുള്ള നിർദേശങ്ങളും അദ്ദേഹം കൊടുത്തു. 14വിവിധതരം ശുശ്രൂഷകളിൽ ഉപയോഗിക്കേണ്ടിവരുന്ന സ്വർണ ഉപകരണങ്ങൾക്കെല്ലാംവേണ്ടിയുള്ള സ്വർണവും വിവിധ ശുശ്രൂഷകളിൽ ഉപയോഗിക്കേണ്ടിവരുന്ന വെള്ളി ഉപകരണങ്ങൾക്കെല്ലാംവേണ്ടിയുള്ള വെള്ളിയും 15ഓരോ വിളക്കുതണ്ടിനും വിളക്കിനും വേണ്ടിവരുന്ന നിശ്ചിത തൂക്കംസഹിതം സ്വർണവിളക്കുതണ്ടുകൾക്കും അവയുടെ വിളക്കുകൾക്കുംകൂടി മൊത്തം വേണ്ടിവരുന്ന സ്വർണവും ഓരോ വിളക്കുതണ്ടിന്റെയും ഉപയോഗം അനുസരിച്ച് ഓരോ വെള്ളിവിളക്കു തണ്ടിനും അതിലെ വിളക്കിനും വേണ്ടിവരുന്ന വെള്ളിയും ദാവീദ് കൊടുത്തു. 16കാഴ്ചയപ്പത്തിന്റെ ഓരോ മേശയ്ക്കും വേണ്ടിയുള്ള സ്വർണവും വെള്ളിമേശകൾക്കുവേണ്ടിയുള്ള വെള്ളിയും തൂക്കപ്രകാരം കൊടുത്തു. 17മുൾക്കൊളുത്തുകൾ, തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങൾ, ഭരണികൾ, ഇവയ്ക്കു വേണ്ടിവരുന്ന ശുദ്ധിചെയ്ത സ്വർണവും ഓരോ സ്വർണത്തളികയ്ക്കും വേണ്ടിവരുന്ന സ്വർണവും ഓരോ വെള്ളിത്തളികയ്ക്കും വേണ്ടിവരുന്ന വെള്ളിയും 18ധൂപപീഠത്തിനു വേണ്ടിവരുന്ന ശുദ്ധിചെയ്ത സ്വർണവും ചിറകുവിരിച്ച് യഹോവയുടെ ഉടമ്പടിയുടെ പേടകത്തെ സംരക്ഷിക്കുന്ന കെരൂബുകളുള്ള രഥമാതൃകയ്ക്കുവേണ്ടിവരുന്ന സ്വർണവും ദാവീദ് നൽകി.

19അദ്ദേഹം പറഞ്ഞു: “ഇവയെല്ലാം, യഹോവയുടെ കൈകൾ എന്റെമേൽ ഉണ്ടായിരുന്നതിനാൽ എനിക്ക് എഴുതിക്കിട്ടിയിട്ടുള്ള കാര്യങ്ങളാണ്. പണിയുടെ വിശദാംശങ്ങളും അവിടന്ന് എനിക്കു മനസ്സിലാക്കിത്തന്നിട്ടുള്ളതാണ്.”

20ദാവീദ് ഇതുംകൂടി തന്റെ മകനായ ശലോമോനോടു പറഞ്ഞു: “ശക്തനും ധീരനും ആയിരിക്കുക. ഈ വേലചെയ്യുക. ഭയപ്പെടുകയോ ധൈര്യഹീനനാകുകയോ അരുത്. കാരണം ദൈവമായ യഹോവ—എന്റെ ദൈവം—നിന്നോടുകൂടെയുണ്ട്. യഹോവയുടെ ആലയത്തിനുവേണ്ടിയുള്ള സകലജോലികളും പൂർത്തീകരിക്കുന്നതുവരെ യഹോവ നിന്നെ കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല. 21പുരോഹിതന്മാരുടെയും ലേവ്യരുടെയും ഗണങ്ങളെല്ലാം ദൈവത്തിന്റെ ആലയത്തിലെ ഏതു ജോലിക്കും സന്നദ്ധരാണ്. കൂടാതെ ഏതു കരകൗശലവേലയിലും നൈപുണ്യവും സന്നദ്ധതയുമുള്ള ഏവനും എല്ലാ ജോലികളിലും നിന്നെ സഹായിക്കും. അധിപതികളും ജനങ്ങളെല്ലാവരും നിന്റെ ഏതു കൽപ്പനയും അനുസരിക്കും.”

Copyright information for MalMCV