‏ 1 Chronicles 23

ലേവ്യർ

1ദാവീദ് വൃദ്ധനും കാലസമ്പൂർണനും ആയപ്പോൾ തന്റെ മകനായ ശലോമോനെ ഇസ്രായേലിനു രാജാവാക്കി.

2അദ്ദേഹം ഇസ്രായേലിലെ സകലപ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി. 3ലേവ്യരിൽ മുപ്പതുവയസ്സും അതിൽ കൂടുതലും പ്രായമുള്ളവരുടെ എണ്ണമെടുത്തു; പുരുഷന്മാർ ആകെ മുപ്പത്തെണ്ണായിരം എന്നുകണ്ടു. 4ദാവീദ് പറഞ്ഞു: “ഇവരിൽ ഇരുപത്തിനാലായിരംപേർ യഹോവയുടെ ആലയത്തിലെ ശുശ്രൂഷകൾക്കു മേൽനോട്ടം വഹിക്കുകയും ആറായിരംപേർ ഉദ്യോഗസ്ഥന്മാരും ന്യായാധിപന്മാരും ആയിരിക്കുകയും വേണം. 5നാലായിരംപേർ വാതിൽകാവൽക്കാരും ആയിരിക്കണം. ബാക്കി നാലായിരംപേർ ഞാൻ തയ്യാറാക്കിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് യഹോവയെ സ്തുതിച്ചുകൊണ്ടിരിക്കണം.”

6ലേവിയുടെ പുത്രന്മാരായ ഗെർശോൻ. കെഹാത്ത്, മെരാരി എന്നിവരുടെ ക്രമത്തിൽ ദാവീദ് ലേവ്യരെ മൂന്നു ഗണങ്ങളാക്കി തിരിച്ചു.

ഗെർശോന്യർ

7ഗെർശോന്യരിൽ ഉൾപ്പെട്ടിരിക്കുന്നവർ:
ലദ്ദാൻ, ശിമെയി.
8ലദ്ദാന്റെ പുത്രന്മാർ:
നായകനായ യെഹീയേൽ, സേഥാം, യോവേൽ—ആകെ മൂന്നുപേർ.
9ശിമെയിയുടെ പുത്രന്മാർ:
ശെലോമോത്ത്, ഹസീയേൽ, ഹാരാൻ—ആകെ മൂന്നുപേർ.
(ഇവർ ലദ്ദാന്റെ കുടുംബങ്ങൾക്കു തലവന്മാരായിരുന്നു.)
10ശിമെയിയുടെ പുത്രന്മാർ:
യഹത്ത്, സീസാ,
ചി.കൈ.പ്ര. സീനാ
യെയൂശ്, ബേരീയാം;
ഇവർ ശിമെയിയുടെ പുത്രന്മാരായിരുന്നു—ആകെ നാലുപേർ.
11ഇവരിൽ യഹത്ത് ഒന്നാമനും സീസാ രണ്ടാമനും ആയിരുന്നു. എന്നാൽ യെയൂശിനും ബേരീയാമിനും അധികം പുത്രന്മാരില്ലായിരുന്നു. അതിനാൽ അവരെ ഇരുവരെയും ഒരുകുടുംബമായും ഒറ്റവീതത്തിന് അവകാശികളായും കരുതിയിരുന്നു.

കെഹാത്യർ

12കെഹാത്തിന്റെ പുത്രന്മാർ:
അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ—ആകെ നാലുപേർ
13അമ്രാമിന്റെ പുത്രന്മാർ:
അഹരോനും മോശയും.
അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിക്കുന്നതിനും യഹോവയുടെമുമ്പാകെ യാഗങ്ങൾ അർപ്പിക്കുന്നതിനും അവിടത്തെ മുമ്പാകെ ശുശ്രൂഷ ചെയ്യുന്നതിനും എപ്പോഴും യഹോവയുടെ നാമത്തിൽ അനുഗ്രഹവചസ്സുകൾ ചൊരിയുന്നതിനുംവേണ്ടി അഹരോനും പിൻഗാമികളും എന്നെന്നേക്കുമായി വേർതിരിക്കപ്പെട്ടു.
14ദൈവപുരുഷനായ മോശയുടെ പുത്രന്മാർ ലേവി ഗോത്രത്തിന്റെ ഭാഗമായി എണ്ണപ്പെട്ടു.
15മോശയുടെ പുത്രന്മാർ:
ഗെർശോം, എലീയേസർ.
16ഗെർശോമിന്റെ പിൻഗാമികളിൽ
ശെബൂവേൽ പ്രമുഖനായിരുന്നു.
17എലീയേസരിന്റെ പിൻഗാമികളിൽ
രെഹബ്യാവ് പ്രമുഖനായിരുന്നു.
എലീയേസറിന് മറ്റു പുത്രന്മാരില്ലായിരുന്നു. എന്നാൽ രെഹബ്യാവിനു വളരെ പുത്രന്മാരുണ്ടായിരുന്നു.
18യിസ്ഹാരിന്റെ പുത്രന്മാരിൽ
ശെലോമീത്ത് പ്രമുഖനായിരുന്നു.
19ഹെബ്രോന്റെ പുത്രന്മാർ:
യെരീയാവ് ഒന്നാമനും അമര്യാവ് രണ്ടാമനും
യഹസീയേൽ മൂന്നാമനും യെക്കമെയാം നാലാമനും ആയിരുന്നു.
20ഉസ്സീയേലിന്റെ പുത്രന്മാരിൽ:
മീഖാ ഒന്നാമനും യിശ്ശീയാവു രണ്ടാമനും ആയിരുന്നു.

മെരാര്യർ

21മെരാരിയുടെ പുത്രന്മാർ:
മഹ്ലി, മൂശി.
മഹ്ലിയുടെ പുത്രന്മാർ:
എലെയാസാർ, കീശ്.
22എലെയാസാർ പുത്രന്മാരില്ലാതെ മരിച്ചു; അദ്ദേഹത്തിനു പുത്രിമാർമാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ പിതൃസഹോദരനായ കീശിന്റെ പുത്രന്മാർ അവരെ വിവാഹംചെയ്തു.
23മൂശിയുടെ പുത്രന്മാർ:
മഹ്ലി, ഏദെർ, യെരേമോത്ത്—ആകെ മൂന്നുപേർ.

24കുടുംബങ്ങൾ, കുടുംബത്തലവന്മാർ എന്നിങ്ങനെ തരംതിരിച്ച് പേരുപേരായി രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം ലേവിയുടെ പിൻഗാമികൾ ഓരോ വ്യക്തിയെയും, അതായത്, ഇരുപതു വയസ്സും അതിനു മുകളിലും പ്രായമുള്ളവരും യഹോവയുടെ ആലയത്തിലെ ശുശ്രൂഷകരുമായ ലേവ്യസന്തതികൾ ഇവരായിരുന്നു. 25ദാവീദ് ഇപ്രകാരം കൽപ്പിച്ചിരുന്നു: “ഇസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിനു സ്വസ്ഥത നൽകിയിരിക്കുന്നതിനാലും അവിടന്ന് എന്നെന്നേക്കും ജെറുശലേമിൽ അധിവസിക്കുന്നതിന് എഴുന്നള്ളിയിരിക്കുന്നതിനാലും 26ഇനിമേലിൽ ലേവ്യർക്ക് സമാഗമകൂടാരമോ ശുശ്രൂഷകൾക്കുള്ള വിശുദ്ധവസ്തുക്കളിൽ ഏതെങ്കിലുമോ ചുമക്കേണ്ടതായി വരികയില്ല.” 27ദാവീദ് ഏറ്റവും ഒടുവിൽ കൊടുത്ത നിർദേശങ്ങൾ അനുസരിച്ച്, ഇരുപതു വയസ്സും അതിൽ കൂടുതലും പ്രായമുള്ളവരിൽനിന്നു ലേവ്യരുടെ എണ്ണം തിട്ടപ്പെടുത്തിയിരുന്നു.

28യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അഹരോന്റെ പിൻഗാമികളെ സഹായിക്കുക, ആലയത്തിന്റെ അങ്കണവും വശത്തോടുചേർന്ന അറകളും സൂക്ഷിക്കുക, സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുക, ദൈവത്തിന്റെ മന്ദിരത്തിലെ മറ്റു ജോലികളെല്ലാം നിർവഹിക്കുക, എന്നിവയെല്ലാമായിരുന്നു ലേവ്യരുടെ ചുമതലകൾ. 29മേശയിലേക്കുള്ള കാഴ്ചയപ്പവും ഭോജനയാഗത്തിനുള്ള നേർമയേറിയ മാവും പുളിപ്പില്ലാത്ത അപ്പവും അടകൾ ചുട്ടെടുക്കുന്നതും മാവു കുഴയ്ക്കുന്നതും അളവും വലുപ്പവും നിരീക്ഷിക്കുന്നതും എല്ലാം അവരുടെ ചുമതലയായിരുന്നു. 30രാവിലെയും വൈകുന്നേരവും യഹോവയ്ക്കു നന്ദികരേറ്റുന്നതിനും അവിടത്തെ സ്തുതിക്കുന്നതിനും അവർ സന്നിഹിതരാകണമായിരുന്നു. 31കൂടാതെ, ശബ്ബത്തുകളിലും അമാവാസികളിലും മറ്റു നിശ്ചിതമായ ഉത്സവവേളകളിലും യഹോവയ്ക്കു ഹോമയാഗങ്ങൾ അർപ്പിക്കുമ്പോഴൊക്കെ അവർ സന്നിഹിതരാകണമായിരുന്നു. അവർക്കു നിശ്ചയിക്കപ്പെട്ട പ്രകാരവും എണ്ണത്തിനൊത്തും അവർ യഹോവയുടെ സന്നിധിയിൽ നിരന്തരം ശുശ്രൂഷകൾ അനുഷ്ഠിക്കണമായിരുന്നു.

32അങ്ങനെ ലേവ്യർ സമാഗമകൂടാരത്തിനും വിശുദ്ധസ്ഥലത്തിനുംവേണ്ടി തങ്ങൾക്കുള്ള ചുമതലകളെല്ലാം നിറവേറ്റിയിരുന്നു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷകളിൽ അവർ തങ്ങളുടെ സഹോദരന്മാരായ അഹരോന്യർക്കു സഹായികളായും വർത്തിച്ചിരുന്നു.

Copyright information for MalMCV