‏ 1 Chronicles 21

ദാവീദ് യോദ്ധാക്കളുടെ സംഖ്യ എടുക്കുന്നു

1ഈ സമയം സാത്താൻ ഇസ്രായേലിനെതിരേ ഉണർന്നുപ്രവർത്തിച്ചു; അവരുടെ ജനസംഖ്യയെടുക്കുന്നതിനുള്ള ഒരു പ്രേരണ അവൻ ദാവീദിനു നൽകി. 2ദാവീദു യോവാബിനോടും മറ്റു സൈന്യാധിപന്മാരോടും കൽപ്പിച്ചു: “പോയി ബേർ-ശേബാമുതൽ ദാൻവരെയുള്ള ഇസ്രായേലിന്റെ കണക്കെടുക്കുക. അവർ എത്രയുണ്ടെന്ന് ഞാൻ അറിയേണ്ടതിന് എന്നെ അറിയിക്കുകയും ചെയ്യുക.”

3എന്നാൽ യോവാബ് മറുപടി പറഞ്ഞു: “യഹോവ തന്റെ സൈന്യത്തെ ഇനിയും നൂറുമടങ്ങായി വർധിപ്പിക്കട്ടെ! എന്റെ യജമാനനായ രാജാവേ! അവരെല്ലാവരും അങ്ങയുടെ പ്രജകളല്ലോ! എന്റെ യജമാനൻ ഇതു ചെയ്യാൻ താത്പര്യപ്പെടുന്നത് എന്തിന്? എന്തിന് ഇസ്രായേലിന്മേൽ കുറ്റം വരുത്തിവെക്കുന്നു?”

4എങ്കിലും രാജകൽപ്പനയ്ക്കുമുമ്പിൽ യോവാബ് നിസ്സഹായനായിരുന്നു. അങ്ങനെ യോവാബു പുറപ്പെട്ടു. അദ്ദേഹം ഇസ്രായേലിൽ മുഴുവൻ സഞ്ചരിച്ച് ജെറുശലേമിലേക്കു മടങ്ങിവന്നു. 5യോദ്ധാക്കളുടെ സംഖ്യ യോവാബ് ദാവീദിനെ അറിയിച്ചു. യെഹൂദാഗോത്രത്തിലെ നാലുലക്ഷത്തി എഴുപതിനായിരം ഉൾപ്പെടെ, വാളേന്താൻ പ്രാപ്തരായി, ഇസ്രായേലിൽ ആകെ പതിനൊന്നു ലക്ഷം പുരുഷന്മാർ ഉണ്ടായിരുന്നു.

6രാജകൽപ്പന തനിക്ക് അറപ്പുളവാക്കിയതിനാൽ യോവാബ് ലേവ്യരെയും ബെന്യാമീന്യരെയും കണക്കെടുപ്പിൽ ഉൾപ്പെടുത്തിയിരുന്നില്ല. 7ദാവീദിന്റെ ഈ കൽപ്പന ദൈവമുമ്പാകെ ദുഷ്ടതനിറഞ്ഞതും ആയിരുന്നു; അതുകൊണ്ട് ദൈവം ഇസ്രായേലിനെ ശിക്ഷിച്ചു.

8അപ്പോൾ ദാവീദ് ദൈവത്തോടു പ്രാർഥിച്ചു: “ഞാൻ ഇതുമൂലം കൊടിയ പാപംചെയ്തിരിക്കുന്നു; ഇപ്പോൾ അവിടത്തെ ഈ ദാസന്റെ പാപം പൊറുക്കണേ എന്ന് അടിയൻ അപേക്ഷിക്കുന്നു. ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി.”

9ദാവീദിന്റെ ദർശകനായ ഗാദിനോട് യഹോവ അരുളിച്ചെയ്തു: 10ചെന്ന് ദാവീദിനോടു പറയുക, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ മൂന്നു കാര്യങ്ങൾ നിന്റെ മുമ്പിൽ വെക്കുന്നു. അവയിലേതെങ്കിലുമൊന്നു തെരഞ്ഞെടുക്കുക; അതു ഞാൻ നിനക്കെതിരായി നടപ്പിലാക്കും.’ ”

11അങ്ങനെ ഗാദ് ദാവീദിന്റെ അടുത്തുചെന്ന് പറഞ്ഞു: “യഹോവ അരുളിച്ചെയ്യുന്നു; ‘ഇഷ്ടമുള്ളതു നീ തെരഞ്ഞെടുക്കുക! 12മൂന്നുവർഷത്തേക്കു ക്ഷാമം, മൂന്നുമാസം നിന്റെ ശത്രുക്കളുടെ വാൾ നിന്നെ കീഴടക്കി നീ അവരുടെമുമ്പിൽനിന്ന് പലായനംചെയ്യുക,
അഥവാ, തൂത്തെറിയപ്പെടും 2 ശമു. 24:13 കാണുക.
അല്ലെങ്കിൽ മൂന്നുദിവസം യഹോവയുടെ വാൾ, യഹോവയുടെ ദൂതൻ ഇസ്രായേലിൽ എല്ലായിടവും നാശം വിതച്ചുകൊണ്ട് ദേശത്തു മഹാമാരിയുടെ മൂന്നു ദിനങ്ങൾ,’ എന്നെ അയച്ചവനോടു ഞാൻ എന്തു മറുപടി പറയണം? എന്ന് ഇപ്പോൾ തീരുമാനിക്കുക.”

13ദാവീദ് ഗാദിനോടു പറഞ്ഞു: “ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു. ഞാൻ യഹോവയുടെ കൈകളിൽത്തന്നെ വീഴട്ടെ! അവിടത്തെ ദയ വലിയതാണല്ലോ! എന്നാൽ മനുഷ്യകരങ്ങളിൽ ഞാൻ വീഴാതിരിക്കട്ടെ!”

14അങ്ങനെ യഹോവ ഇസ്രായേലിന്മേൽ ഒരു മഹാമാരി അയച്ചു; ഇസ്രായേലിൽ എഴുപതിനായിരംപേർ മരിച്ചുവീണു. 15ജെറുശലേമിനെ നശിപ്പിക്കുന്നതിന് ദൈവം ഒരു ദൂതനെ അയച്ചു. ദൂതൻ അതിനെ നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, യഹോവ ആ മഹാസംഹാരത്തെക്കുറിച്ച് അനുതപിച്ച് ജനത്തെ ബാധിക്കുന്ന ദൂതനോടു കൽപ്പിച്ചു: “മതി, നിന്റെ കരം പിൻവലിക്കുക!” യഹോവയുടെ ദൂതൻ അപ്പോൾ യെബൂസ്യനായ അരവ്നായുടെ
മൂ.ഭാ. ഓർനാൻ, അരവ്നാ എന്നതിന്റെ മറ്റൊരുരൂപം; വാ. 18–28 കാണുക.
മെതിക്കളത്തിൽ നിൽക്കുകയായിരുന്നു.

16ദാവീദ് മേൽപ്പോട്ടു നോക്കി; യഹോവയുടെ ദൂതൻ ജെറുശലേമിനുനേരേ ഊരിപ്പിടിച്ചവാളും ഓങ്ങി ആകാശത്തിനും ഭൂമിക്കും മധ്യേ നിൽക്കുന്നതു കണ്ടു. അപ്പോൾ ദാവീദും ഇസ്രായേൽനേതാക്കന്മാരും, ചാക്കുശീല ധരിച്ചുകൊണ്ട്, മുഖം താഴ്ത്തി വീണു.

17ദാവീദ് ദൈവത്തോട് നിലവിളിച്ചു: “യോദ്ധാക്കളെ എണ്ണുന്നതിന് ആജ്ഞ കൊടുത്ത് തെറ്റുചെയ്തവൻ ഞാനല്ലയോ? പാപം ചെയ്തത് ഇടയനായ
2 ശമു. 24:17; ചി.കൈ.പ്ര. ഇടയൻ എന്ന വാക്കു കാണുന്നില്ല.
ഞാനാണല്ലോ! ഇവർ, ഈ അജഗണങ്ങൾ എന്തു പിഴച്ചു? എന്റെ ദൈവമായ യഹോവേ, അവിടത്തെ കരം എന്റെമേലും എന്റെ ഭവനത്തിന്മേലും പതിക്കട്ടെ! അങ്ങയുടെ ജനത്തിന്മേൽ ഈ മഹാമാരി വരുത്തരുതേ!”

ദാവീദ് ഒരു യാഗപീഠം നിർമിക്കുന്നു

18അപ്പോൾ യഹോവയുടെ ദൂതൻ ഗാദിനോട് ആജ്ഞാപിച്ചു: “ ‘ചെന്ന് യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുക,’ എന്ന് ദാവീദിനെ അറിയിക്കുക!” 19യഹോവയുടെ നാമത്തിൽ ഗാദു പറഞ്ഞവാക്കുകൾ അനുസരിച്ച് ദാവീദ് പോയി.

20അരവ്നാ ഗോതമ്പു മെതിച്ചുകൊണ്ടിരിക്കുമ്പോൾ തിരിഞ്ഞു ദൂതനെക്കണ്ടു. അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്ന നാലു പുത്രന്മാരും പോയി ഒളിച്ചുകളഞ്ഞു. 21ആ സമയത്തു ദാവീദ് സമീപമെത്തി. അരവ്നാ ദാവീദിനെക്കണ്ടപ്പോൾ മെതിക്കളംവിട്ട് ഓടിവന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.

22ദാവീദ് അരവ്നായോടു പറഞ്ഞു: “ജനത്തെ ബാധിച്ചിരിക്കുന്ന മഹാമാരി ഒഴിഞ്ഞുപോകുന്നതിനായി യഹോവയ്ക്ക് ഒരു യാഗപീഠം പണിയുന്നതിന് നിന്റെ മെതിക്കളം ഇരിക്കുന്ന ഭൂമി എനിക്കു തരിക; അതിന്റെ മുഴുവൻ വിലയും പറ്റിക്കൊണ്ട് അതെനിക്കു തരിക!”

23അരവ്നാ ദാവീദിനോടു പറഞ്ഞു: “എടുത്തുകൊണ്ടാലും! എന്റെ യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും! ഹോമയാഗത്തിനുള്ള കാളകളെ ഞാൻ തരാം. വിറകിനു മെതിവണ്ടികളും ധാന്യബലിക്കു ഗോതമ്പും എല്ലാം ഞാൻ തരാം.”

24എന്നാൽ ദാവീദുരാജാവ് അരവ്നായോട് ഇപ്രകാരമാണ് മറുപടി പറഞ്ഞത്: “അല്ല, മുഴുവൻ വിലയും തരുന്ന കാര്യത്തിൽ എനിക്കു നിർബന്ധമുണ്ട്. നിന്റേതായ ഒന്നും, യഹോവയ്ക്ക് അർപ്പിക്കാനായി, ഞാൻ എടുക്കുകയില്ല; ചെലവില്ലാത്ത ഹോമയാഗം ഞാൻ അർപ്പിക്കുകയുമില്ല.”

25അങ്ങനെ ദാവീദ് ആ സ്ഥലത്തിനു വിലയായി അറുനൂറു ശേക്കേൽ
ഏക. 7 കി.ഗ്രാം.
സ്വർണം അരവ്നായ്ക്കു കൊടുത്തു.
26ദാവീദ് അവിടെ യഹോവയ്ക്കൊരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. ദാവീദ് യഹോവയോടു നിലവിളിക്കുകയും യഹോവ ആകാശത്തുനിന്നു ഹോമപീഠത്തിന്മേൽ തീയിറക്കി ഉത്തരമരുളുകയും ചെയ്തു.

27അപ്പോൾ യഹോവ ദൂതനോടു കൽപ്പിച്ചു; ദൂതൻ വാൾ പിൻവലിച്ച് ഉറയിലിട്ടു. 28യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽവെച്ച് യഹോവ തനിക്ക് ഉത്തരമരുളി എന്നുകണ്ടപ്പോൾ ദാവീദ് അവിടെ യാഗങ്ങൾ അർപ്പിച്ചു. 29മോശ മരുഭൂമിയിൽവെച്ചുണ്ടാക്കിയ യഹോവയുടെ സമാഗമകൂടാരവും ഹോമപീഠവും അന്ന് ഗിബെയോനിലെ ആരാധനാസ്ഥലത്തായിരുന്നു.
മൂ.ഭാ. ഉയർന്നസ്ഥലത്ത് അഥവാ, മലയിൽ
30യഹോവയുടെ ദൂതന്റെ വാളിനെ ഭയപ്പെട്ടിരുന്നതുകൊണ്ട് ദാവീദിന് അതിന്റെ മുമ്പാകെചെന്ന് ദൈവഹിതം ആരായുന്നതിനു കഴിഞ്ഞില്ല.

Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.