‏ 1 Chronicles 16

പേടകത്തിന്റെ മുമ്പിലുള്ള ശുശ്രൂഷ

1ഇങ്ങനെ അവർ ദൈവത്തിന്റെ പേടകം കൊണ്ടുവന്ന്, ദാവീദ് അതിനുവേണ്ടി പ്രത്യേകം സജ്ജമാക്കിയിരുന്ന കൂടാരത്തിനകത്ത് പ്രതിഷ്ഠിച്ചു. അതിനുശേഷം അവർ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും ദൈവമുമ്പാകെ അർപ്പിച്ചു. 2ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചതിനുശേഷം യഹോവയുടെ നാമത്തിൽ ജനത്തെ ആശീർവദിച്ചു. 3പിന്നെ അദ്ദേഹം ഇസ്രായേലിലെ ഓരോ പുരുഷനും സ്ത്രീക്കും ഓരോ അപ്പവും ഓരോ കഷണം മാംസവും
അഥവാ, ഈന്തപ്പഴക്കട്ട. എബ്രായഭാഷയിൽ ഈ വാക്കിന്റെ അർഥം വ്യക്തമല്ല.
ഓരോ മുന്തിരിയടയുംവീതം കൊടുത്തു.

4യഹോവയുടെ പേടകത്തിനുമുമ്പാകെ ശുശ്രൂഷ ചെയ്യുന്നതിനും യാചന സമർപ്പിക്കുന്നതിനും ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു നന്ദിയും സ്തോത്രവും അർപ്പിക്കുന്നതിനുമായി ദാവീദ് ചില ലേവ്യരെ നിയോഗിച്ചു. 5ആസാഫ് അവരിൽ മുഖ്യനായിരുന്നു; സെഖര്യാവു രണ്ടാമനും പിന്നെ യാസീയേൽ,
യെയീയേൽ, യാസീയേൽ എന്നതിന്റെ മറ്റൊരുരൂപം; വാ. 15:18,20 കാണുക.
ശെമിരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-ഏദോം, യെയീയേൽ എന്നിവരായിരുന്നു. അവർ വീണയും കിന്നരവും വായിച്ചു. ഇലത്താളം കൊട്ടുന്നതിനു നിയോഗിക്കപ്പെട്ടിരുന്നത് ആസാഫ് ആയിരുന്നു.
6പുരോഹിതന്മാരായ ബെനായാവും യഹസീയേലും ദൈവത്തിന്റെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ നിരന്തരം കാഹളം ഊതുകയും ചെയ്യണമായിരുന്നു.

7അന്ന്, ആദ്യമായി, യഹോവയോടു നന്ദി പ്രകാശിപ്പിക്കുന്ന ഈ സങ്കീർത്തനം ദാവീദ് ആസാഫിനെയും സഹായികളെയും ഏൽപ്പിച്ചു.

8യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക;
അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക.
9അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക;
അവിടത്തെ അത്ഭുതപ്രവൃത്തികൾ വർണിക്കുക.
10അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക;
യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ.
11യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക;
എപ്പോഴും അവിടത്തെ മുഖവും.

12 13യഹോവയുടെ ദാസനായ ഇസ്രായേലിന്റെ സന്തതികളേ,
അവിടന്ന് തെരഞ്ഞെടുത്ത യാക്കോബിന്റെ മക്കളേ,
അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികൾ ഓർക്കുക,
അവിടത്തെ അത്ഭുതങ്ങളും ന്യായവിധികളും സ്മരിക്കുക.
14അവിടന്ന് നമ്മുടെ ദൈവമായ യഹോവ ആകുന്നു;
അവിടത്തെ ന്യായവിധികൾ ഭൂതലത്തിലെല്ലാം ഉണ്ട്.

15അവിടന്നു തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു, c
അവിടത്തെ വാഗ്ദത്തം ഒരായിരം തലമുറകൾവരെയും
16അവിടന്ന് അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയും
യിസ്ഹാക്കിനോടു ചെയ്ത ശപഥവുംതന്നെ.
17അവിടന്ന് അത് യാക്കോബിന് ഒരു പ്രമാണമായും
ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായും ഉറപ്പിച്ചുനൽകി:
18“നിങ്ങളുടെ അവകാശത്തിന്റെ ഓഹരിയായി,
ഞാൻ നിങ്ങൾക്ക് കനാൻദേശം നൽകും.”

19അന്ന് അവർ എണ്ണത്തിൽ കുറവായിരുന്നപ്പോൾ,
ചെറിയൊരുകൂട്ടവും പ്രവാസികളും ആയിരുന്നപ്പോൾ,
20അവർ രാഷ്ട്രങ്ങളിൽനിന്ന് രാഷ്ട്രങ്ങളിലേക്കും
ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്കും അലഞ്ഞുതിരിഞ്ഞു.
21അവരെ പീഡിപ്പിക്കുന്നതിന് അവിടന്ന് ആരെയും അനുവദിച്ചില്ല;
അവർക്കുവേണ്ടി അവിടന്ന് രാജാക്കന്മാരെ ശാസിച്ചു:
22“എന്റെ അഭിഷിക്തരെ സ്പർശിക്കരുത്;
എന്റെ പ്രവാചകർക്ക് ഒരു ദ്രോഹവും ചെയ്യരുത്.”

23സർവഭൂമിയുമേ, യഹോവയ്ക്കു പാടുക!
അനുദിനം അവിടത്തെ രക്ഷയെ പ്രഖ്യാപിക്കുക.
24രാഷ്ട്രങ്ങൾക്കിടയിൽ അവിടത്തെ മഹത്ത്വം വിളംബരംചെയ്യുക,
സകലജനതകൾക്കുമിടയിൽ അവിടത്തെ അത്ഭുതപ്രവൃത്തികളും.

25കാരണം യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്;
സകലദേവന്മാരെക്കാളും അവിടത്തെ ഭയപ്പെടേണ്ടതാകുന്നു.
26ഇതര ജനതകളുടെ ദേവന്മാരെല്ലാം വിഗ്രഹങ്ങളാണല്ലോ,
എന്നാൽ യഹോവ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു!
27പ്രതാപവും മഹിമയും തിരുമുമ്പിലുണ്ട്;
ബലവും ആനന്ദവും അവിടത്തെ വാസസ്ഥലത്തുണ്ട്.

28രാഷ്ട്രങ്ങളിലെ എല്ലാ കുലങ്ങളുമേ, യഹോവയ്ക്കു കൊടുക്കുക,
മഹത്ത്വവും ശക്തിയും യഹോവയ്ക്കു കൊടുക്കുക.
29യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക;
തിരുമുൽക്കാഴ്ചയുമായി അവിടത്തെ സന്നിധിയിലേക്കു വരിക.
യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.
30സകലഭൂതലവുമേ, യഹോവയുടെമുമ്പിൽ നടുങ്ങുക.
ഇളക്കംതട്ടാത്തവിധം ഭൂലോകം ഉറച്ചുനിൽക്കുന്നു.

31ആകാശം ആഹ്ലാദിക്കട്ടെ, ഭൂമി ഉല്ലസിക്കട്ടെ;
“യഹോവ വാഴുന്നു,” എന്ന് അവ രാഷ്ട്രങ്ങളുടെ മധ്യേ ഉദ്ഘോഷിക്കട്ടെ.
32സമുദ്രവും അതിലുള്ള സകലതും മാറ്റൊലികൊള്ളട്ടെ.
വയലേലകളും അതിലുള്ള സമസ്തവും ആഹ്ലാദാരവം മുഴക്കട്ടെ;
33വനവൃക്ഷങ്ങളും ഗാനം ആലപിക്കട്ടെ.
അവ യഹോവയുടെമുമ്പാകെ ആനന്ദഗീതങ്ങൾ ആലപിക്കട്ടെ;
അവിടന്ന് ഭൂമിയെ വിധിക്കുന്നതിനായി വരുന്നു.

34യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ;
അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
35അവിടത്തെ സന്നിധിയിൽ കരയുക: “ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ രക്ഷിക്കണമേ.
ഞങ്ങൾ അവിടത്തെ പരിശുദ്ധനാമത്തിന് സ്തോത്രംചെയ്യുകയും
അവിടത്തെ സ്തുതികളിൽ പുകഴുകയും ചെയ്യേണ്ടതിന്,
ഇതര രാഷ്ട്രങ്ങളിൽനിന്നു വിളിച്ചുകൂട്ടി ഞങ്ങളെ വിടുവിക്കണമേ.”
36ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ;
എന്നും എന്നെന്നേക്കും.
അപ്പോൾ ജനമെല്ലാം, “ആമേൻ, യഹോവയെ വാഴ്ത്തുക” എന്നു പറഞ്ഞു.

37ഓരോ ദിവസത്തെയും ആവശ്യമനുസരിച്ച് യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ നിരന്തരം ശുശ്രൂഷചെയ്യുന്നതിനായി ദാവീദ് ആസാഫിനെയും അദ്ദേഹത്തിന്റെ സഹായികളെയും നിയോഗിച്ചു. 38അവരോടുകൂടി ശുശ്രൂഷ ചെയ്യുന്നതിന് ഓബേദ്-ഏദോമിനെയും അദ്ദേഹത്തോടുകൂടെയുള്ള അറുപത്തിയെട്ടു സഹായികളെയുംകൂടി ദാവീദ് വിട്ടുകൊടുത്തു. യെദൂഥൂന്റെ മകനായ ഓബേദ്-ഏദോമും ഹോസയും ദ്വാരപാലകരായി സേവനം ചെയ്തു.

39പുരോഹിതനായ സാദോക്കിനെയും അദ്ദേഹത്തിന്റെ കൂടെയുള്ള പുരോഹിതന്മാരെയും ദാവീദ് ഗിബെയോനിലെ ആരാധനാസ്ഥലത്തുള്ള
മൂ.ഭാ. ക്ഷേത്രം അഥവാ, മല
യഹോവയുടെ കൂടാരത്തിനുമുമ്പിൽ നിയോഗിച്ചു.
40യഹോവ ഇസ്രായേലിനു നൽകിയിരുന്ന ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതെല്ലാം അനുസരിച്ച് ദിവസവും രാവിലെയും വൈകിട്ടും ക്രമമായി യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിക്കാൻ അവർ നിയോഗിക്കപ്പെട്ടിരുന്നു. 41അവരോടുകൂടെ ഹേമാനും യെദൂഥൂനും തെരഞ്ഞെടുക്കപ്പെട്ടു, നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ളവരും ഉണ്ടായിരുന്നു. “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,” എന്ന് ഉരുവിട്ടുകൊണ്ട് യഹോവയ്ക്കു നന്ദി കരേറ്റുന്നതിന് അവർ നിയുക്തരായി. 42ഹേമാൻ, യെദൂഥൂൻ എന്നിവർ കാഹളങ്ങളും ഇലത്താളങ്ങളും മുഴക്കുന്നതിനും ദിവ്യസംഗീതത്തിനുള്ള മറ്റു വാദ്യോപകരണങ്ങൾ വായിക്കുന്നതിനും ചുമതലപ്പെട്ടിരുന്നു. യെദൂഥൂന്റെ പുത്രന്മാർ വാതിൽക്കൽ നിയോഗിക്കപ്പെട്ടിരുന്നു.

43പിന്നീട് ജനങ്ങളെല്ലാം അവരവരുടെ ഭവനങ്ങളിലേക്കു മടങ്ങി. ദാവീദും തന്റെ കുടുംബത്തെ ആശീർവദിക്കാനായി മടങ്ങിപ്പോയി.

Copyright information for MalMCV