‏ 1 Chronicles 11

ദാവീദ് ഇസ്രായേലിന് രാജാവാകുന്നു

1ഇതിനുശേഷം ഇസ്രായേല്യരെല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുത്ത് ഒരുമിച്ചുകൂടി. അവർ അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങൾ അങ്ങയുടെതന്നെ മാംസവും രക്തവുമാണല്ലോ! 2മുമ്പ് ശൗൽ, രാജാവായിരുന്നപ്പോഴും ഇസ്രായേലിനെ സൈനികരംഗങ്ങളിൽ നയിച്ചിരുന്നത് അങ്ങുതന്നെയായിരുന്നല്ലോ! ‘നീ എന്റെ ജനമായ ഇസ്രായേലിനു രാജാവായിരുന്ന് അവരെ മേയിച്ചുനടത്തും,’ എന്ന് നിന്റെ ദൈവമായ യഹോവ അങ്ങയോടു കൽപ്പിച്ചിട്ടുമുണ്ടല്ലോ!”

3ഇങ്ങനെ പറഞ്ഞ് ഇസ്രായേലിലെ ഗോത്രത്തലവന്മാരെല്ലാംകൂടി ഹെബ്രോനിൽ ദാവീദുരാജാവിന്റെ അടുത്തുവന്നു. അപ്പോൾ അദ്ദേഹം അവരുമായി ഹെബ്രോനിൽവെച്ച് യഹോവയുടെമുമ്പാകെ ഒരു ഉടമ്പടിചെയ്തു. യഹോവ ശമുവേലിലൂടെ വാഗ്ദാനം ചെയ്തിരുന്നതനുസരിച്ച് അവർ ദാവീദിനെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു.

ദാവീദ് ജെറുശലേം ജയിച്ചടക്കുന്നു

4പിന്നെ ദാവീദും സകല ഇസ്രായേല്യരും യെബൂസ് എന്നു വിളിക്കപ്പെട്ടിരുന്ന ജെറുശലേമിലേക്കു ചെന്നു. 5“നീ ഇവിടെ ഈ നഗരത്തിനുള്ളിൽ കടക്കുകയില്ല,” എന്ന് അവിടെ താമസിച്ചിരുന്ന യെബൂസ്യർ ദാവീദിനോടു പറഞ്ഞു. എങ്കിലും ദാവീദ് സീയോൻകോട്ട പിടിച്ചടക്കി. അതുതന്നെ ദാവീദിന്റെ നഗരം.

6ദാവീദ് മുമ്പേ പ്രഖ്യാപിച്ചിരുന്നു: “യെബൂസ്യർക്കുനേരേയുള്ള ഈ ആക്രമണത്തിന് ആദ്യം മുന്നിട്ടിറങ്ങുന്നത് ആരാണോ അയാൾ സർവസൈന്യാധിപനായിരിക്കും.” സെരൂയയുടെ മകനായ യോവാബ് ആയിരുന്നു ആദ്യം ആക്രമണം അഴിച്ചുവിട്ടത്. അതിനാൽ സൈന്യാധിപത്യം അദ്ദേഹത്തിനു ലഭിച്ചു.

7അതിനുശേഷം ദാവീദ് ആ കോട്ടയിൽ താമസമുറപ്പിച്ചു. അതിനാൽ അതു ദാവീദിന്റെ നഗരമെന്നു വിളിക്കപ്പെട്ടു. 8അദ്ദേഹം നഗരത്തിന്റെ ചുറ്റുമുള്ള സ്ഥലം മുകൾത്തട്ടുമുതൽ കോട്ടമതിൽ വലയംചെയ്യുന്നഭാഗമെല്ലാം പണിതുയർത്തി. നഗരത്തിന്റെ ശേഷംഭാഗങ്ങൾ യോവാബും കേടുതീർത്തു. 9സൈന്യങ്ങളുടെ യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നതിനാൽ ദാവീദ് മേൽക്കുമേൽ പ്രബലനായിത്തീർന്നു.

ദാവീദിന്റെ പരാക്രമശാലികളായ യോദ്ധാക്കൾ

10ദാവീദിന്റെ പരാക്രമശാലികളായ യോദ്ധാക്കളിൽ പ്രമുഖർ ഇവരായിരുന്നു—യഹോവ വാഗ്ദാനംചെയ്തിരുന്നതുപോലെ ദാവീദിനെ രാജാവാക്കുന്നതിൽ അവർ സകല ഇസ്രായേല്യരോടും ഒപ്പം അദ്ദേഹത്തിനു ശക്തമായ പിന്തുണ നൽകി— 11ദാവീദിന്റെ പരാക്രമശാലികളായ യോദ്ധാക്കളുടെ പട്ടിക ഇതാണ്:

ഹഖ്മോന്യനായ യാശോബെയാം,
യാശോബ്-ബാൽ, യാശോബെയാം എന്നതിന്റെ മറ്റൊരുരൂപം ആയിരിക്കാം.
ഇദ്ദേഹം മുപ്പതുപേരിൽ പ്രധാനിയായിരുന്നു,
2 ശമു. 23:8
അദ്ദേഹം മുന്നൂറുപേർക്കെതിരേ
അഥവാ, മുപ്പത്; ചി. ഗ്രീക്കു പ്രതികൾ മൂന്ന് 2 ശമു. 23:8 കാണുക.
കുന്തമെടുത്തു പൊരുതുകയും ഒരൊറ്റ സംഘട്ടനത്തിൽത്തന്നെ അവരെ വധിക്കുകയും ചെയ്തു.

12അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ ആയിരുന്നു അടുത്ത പ്രധാനി. അദ്ദേഹം പരാക്രമശാലികളായ മൂന്നു യോദ്ധാക്കളിൽ ഒരുവനായിരുന്നു. 13ഫെലിസ്ത്യർ പാസ്-ദമ്മീമിൽ യുദ്ധത്തിന് അണിനിരന്നപ്പോൾ അദ്ദേഹവും ദാവീദിനോടുകൂടെ ഉണ്ടായിരുന്നു. നിറയെ യവമുള്ള
ബാർലി അഥവാ, ബാർലരി
ഒരു വയലിൽവെച്ച് ഇസ്രായേൽ പടയാളികൾ ഫെലിസ്ത്യരുടെമുമ്പിൽനിന്നു പലായനംചെയ്തു.
14എന്നാൽ അവർ വയലിന്റെ മധ്യത്തിൽത്തന്നെ നിലയുറപ്പിച്ച് അതിനെ സംരക്ഷിക്കുകയും ഫെലിസ്ത്യരെ വീഴ്ത്തുകയും ചെയ്തു. അന്ന് യഹോവ അവർക്കൊരു മഹാവിജയം വരുത്തി.

15ഫെലിസ്ത്യരുടെ ഒരുസംഘം രെഫായീം താഴ്വരയിൽ താവളമടിച്ചിരുന്നപ്പോൾ ഈ മുപ്പതു പ്രമുഖന്മാരിൽ മൂന്നുപേർ അദുല്ലാം ഗുഹയിലെ പാറയിൽ ദാവീദിന്റെ അടുത്തെത്തി. 16ആ സമയത്തു ദാവീദ് സുരക്ഷിതസങ്കേതത്തിലായിരുന്നു. ഫെലിസ്ത്യരുടെ കാവൽസേനാവിഭാഗം ബേത്ലഹേമിലും ആയിരുന്നു. 17ദാവീദ് ദാഹാർത്തനായി, “ഹാ, ബേത്ലഹേം! നഗരവാതിൽക്കലെ കിണറ്റിൽനിന്ന് ആരെങ്കിലും എനിക്ക് കുടിക്കാൻ വെള്ളം കൊണ്ടുവന്നിരുന്നെങ്കിൽ! ആ വെള്ളത്തിനായി എനിക്ക് കൊതിയാകുന്നു.” 18അതുകേട്ട ആ മൂവരും ഫെലിസ്ത്യരുടെ അണികളെ മുറിച്ചുകടന്ന് ബേത്ലഹേം നഗരവാതിലിനടുത്തുള്ള കിണറ്റിൽനിന്ന് വെള്ളം കോരി ദാവീദിന്റെ അടുത്തേക്കു കൊണ്ടുവന്നു. എന്നാൽ അദ്ദേഹം അതു കുടിക്കാൻ വിസമ്മതിച്ചു; പകരം അദ്ദേഹം ആ ജലം യഹോവയ്ക്കു നിവേദ്യമായി നിലത്തൊഴിച്ചുകൊണ്ടു 19പറഞ്ഞു: “ഇതു ചെയ്യാൻ ദൈവം എനിക്ക് ഇടവരുത്താതിരിക്കട്ടെ! തങ്ങളുടെ ജീവനെ പണയപ്പെടുത്തിപ്പോയ ഈ മനുഷ്യരുടെ ജീവരക്തം ഞാൻ കുടിക്കുകയോ?” അവർ തങ്ങളുടെ ജീവൻ പണയംവെച്ചാണ് ഈ ജലം കൊണ്ടുവന്നത്. അതുകൊണ്ട് ദാവീദ് ആ ജലം കുടിച്ചില്ല.

ആ മൂന്നു പരാക്രമശാലികളുടെ ഉജ്ജ്വല വീരകൃത്യങ്ങൾ ഈ വിധമായിരുന്നു.

20യോവാബിന്റെ സഹോദരനായ അബീശായി ഈ മൂവരിൽ പ്രമുഖനായിരുന്നു. അദ്ദേഹം മുന്നൂറുപേർക്കെതിരേ തന്റെ കുന്തമുയർത്തി പൊരുതി അവരെ വധിച്ചു, അങ്ങനെ അദ്ദേഹം ആ മൂവരിൽ വിഖ്യാതനായിത്തീർന്നു. 21അബീശായി ആ മൂവരിൽ ഇരട്ടി ആദരണീയനും അവർക്കു നായകനും ആയിത്തീർന്നു. എന്നിരുന്നാലും അദ്ദേഹം മറ്റേ പരാക്രമശാലികളായ മൂന്നുപേരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നില്ല.

22യെഹോയാദായുടെ മകനായ ബെനായാവ് കബ്സെയേൽക്കാരനും ശൂരപരാക്രമിയും ആയ ഒരു യോദ്ധാവായിരുന്നു. അദ്ദേഹം ഉജ്ജ്വല വീരകൃത്യങ്ങൾ ചെയ്തിട്ടുണ്ട്: അദ്ദേഹം മോവാബ്യരിലെ ഏറ്റവും ശക്തരായ രണ്ടു യോദ്ധാക്കളെ അടിച്ചുവീഴ്ത്തി. മഞ്ഞുകാലത്ത് ഒരു ദിവസം അദ്ദേഹം ഒരു ഗുഹയിൽ ഇറങ്ങിച്ചെന്ന് ഒരു സിംഹത്തെ കൊന്നു. 23ഏഴരയടി
ഏക. 2.3 മീ.
പൊക്കമുള്ള ഒരു ഈജിപ്റ്റുകാരനെയും അദ്ദേഹം അടിച്ചുവീഴ്ത്തി. ആ ഈജിപ്റ്റുകാരന്റെ കൈയിൽ നെയ്ത്തുകോൽപ്പിടിപോലെയുള്ള ഒരു കുന്തമുണ്ടായിരുന്നു. എങ്കിലും ഒരു ദണ്ഡുമായി ബെനായാവ് അയാളെ എതിരിട്ടു. അദ്ദേഹം ഈജിപ്റ്റുകാരന്റെ കൈയിൽനിന്നു കുന്തം പിടിച്ചുപറിച്ച് അതുകൊണ്ടുതന്നെ അയാളെ വധിച്ചു.
24യെഹോയാദായുടെ മകനായ ബെനായാവിന്റെ വീരകൃത്യങ്ങൾ ഈ വിധമൊക്കെയായിരുന്നു. അദ്ദേഹവും പരാക്രമശാലികളായ ആ മൂന്ന് യോദ്ധാക്കളെപ്പോലെ കീർത്തിശാലിയായിരുന്നു. 25മുപ്പതുപേരിൽ മറ്റാരെക്കാളും കൂടുതൽ ആദരണീയനായി അദ്ദേഹം അവരോധിക്കപ്പെട്ടു. എന്നാൽ അദ്ദേഹം ആ മൂവരിൽ ഉൾപ്പെട്ടിരുന്നില്ല. ദാവീദ് അദ്ദേഹത്തെ തന്റെ അംഗരക്ഷകസേനയുടെ തലവനാക്കി.

26പരാക്രമശാലികളായ യോദ്ധാക്കൾ ഇവരായിരുന്നു:

യോവാബിന്റെ സഹോദരനായ അസാഹേൽ,
ബേത്ലഹേമിൽനിന്നുള്ള ദോദോവിന്റെ മകൻ എൽഹാനാൻ,
27ഹാരോര്യനായ ശമ്മോത്ത്,
പെലോന്യനായ ഹേലെസ്,
28തെക്കോവക്കാരനായ ഇക്കേശിന്റെ മകൻ ഈരാ,
അനാഥോത്തുകാരനായ അബിയേസെർ,
29ഹൂശാത്യനായ സിബ്ബെഖായി,
അഹോഹ്യനായ ഈലായി,
30നെതോഫാത്യനായ മഹരായി,
നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,
31ബെന്യാമീനിലെ ഗിബെയാക്കാരനായ രീബായിയുടെ മകൻ ഇത്ഥായി,
പിരാഥോന്യനായ ബെനായാവ്,
32ഗായശ് മലയിടുക്കിൽനിന്നുള്ള ഹുരായി,
അർബാത്യനായ അബിയേൽ,
33ബഹുരൂമ്യനായ അസ്മാവെത്ത്,
ശാൽബോന്യനായ എല്യഹ്ബാ,
34ഗീസോന്യനായ ഹശേമിന്റെ പുത്രന്മാർ,
ഹരാര്യനായ ശാഗേയുടെ മകൻ യോനാഥാൻ,
35ഹരാര്യനായ സാഖാരിന്റെ മകൻ അഹീയാം,
ഊരിന്റെ മകനായ എലീഫാൽ,
36മെഖേരാത്യനായ ഹേഫെർ,
പെലോന്യനായ അഹീയാവ്,
37കർമേല്യനായ ഹെസ്രോ,
എസ്ബായിയുടെ മകനായ നയരായി,
38നാഥാന്റെ സഹോദരനായ യോവേൽ,
ഹഗ്രിയുടെ മകനായ മിബ്ഹാർ,
39അമ്മോന്യനായ സേലെക്ക്,
സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനും ബെരോത്യനുമായ നഹരായി,
40യിത്രിയനായ ഈരാ,
യിത്രിയനായ ഗാരേബ്,
41ഹിത്യനായ ഊരിയാവ്,
അഹ്ലായിയുടെ മകനായ സാബാദ്,
42രൂബേന്യനും അവരുടെ സൈന്യാധിപനും, മുപ്പത് അകമ്പടിക്കാരോടുകൂടിയവനുമായ ശീസയുടെ മകൻ അദീനാ,
43മയഖായുടെ മകനായ ഹാനാൻ,
മിത്ന്യനായ യോശാഫാത്ത്,
44അസ്തെരാത്യനായ ഉസ്സീയാവ്,
അരോവേര്യനായ ഹോഥാമിന്റെ പുത്രന്മാരായ ശാമായും യെയീയേലും,
45ശിമ്രിയുടെ മകനായ യെദീയയേൽ,
അയാളുടെ സഹോദരൻ തീസ്യനായ യോഹാ,
46മഹവ്യനായ എലീയേൽ,
എല്നാമിന്റെ പുത്രന്മാരായ യെരീബായിയും യോശവ്യാവും,
മോവാബ്യനായ യിത്ത്മാ,
47എലീയേൽ, ഓബേദ്, മെസോബ്യനായ യാസീയേൽ.
Copyright information for MalMCV
The selected Bible will not be clickable as it does not support the Vocabulary feature. The vocabulary is available by hovering over the verse number.